കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുക്കുകയും സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകാനുള്ള അവകാശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത് ഏഴ് മാസം പിന്നിടുകയാണ്. ഇതിനിടെ പതിനായിരക്കണക്കിന് വിദ്യാർഥിനികൾ ഇന്ന് തിരികെ സ്കൂളുകളിലേക്ക് എത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ഓഗസ്റ്റിൽ താലിബാൻ അധികാരമേറ്റപ്പോൾ കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി സ്കൂളുകൾ അടച്ചുപൂട്ടിയിരുന്നു. തുടർന്ന് രണ്ടുമാസങ്ങൾക്ക് ശേഷം ആൺകുട്ടികൾക്കും പ്രൈമറി സ്കൂളുകളിലെ പെൺകുട്ടികൾക്കും മാത്രമാണ് സ്കൂളുകളിൽ പ്രവേശിക്കാൻ അനുമതി നൽകിയിരുന്നത്. ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ചാണ് ക്ളാസുകൾ എടുത്തിരുന്നത്. മുഴുവൻ പെൺകുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങളും ശക്തമായിരുന്നു.
ഇതിനിടെ അഫ്ഗാന്റെ തലസ്ഥാനമായ കാബൂൾ ഉൾപ്പടെ നിരവധി പ്രവിശ്യകളിലുടനീളം ബുധനാഴ്ച സ്കൂളുകൾ വീണ്ടും തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.താലിബാന്റെ സമ്മർദ്ദത്തിന് വഴങ്ങുന്നില്ലെന്നും സ്കൂളുകൾ തുറക്കുക തന്നെയാണ് ലക്ഷ്യമെന്നും മന്ത്രാലയം പ്രതികരിച്ചു. എന്നാൽ താലിബാന്റെ ആത്മീയ ഹൃദയഭൂമിയായ കാണ്ഡഹാറിന്റെ തെക്കൻ മേഖലയിലുള്ള സ്കൂളുകൾ അടുത്ത മാസം വരെ തുറക്കില്ല.
വിദ്യാർഥിനികൾക്ക് സ്കൂളിൽ എത്തണമെങ്കിൽ മുഖം ഉൾപ്പടെ ശരീരം മുഴുവൻ മറക്കുന്ന വസ്ത്രരീതി താലിബാൻ കർശനമാക്കിയിട്ടുണ്ട്. ഡ്രസ് കോഡ് പാലിച്ചാണെങ്കിലും എത്രയും പെട്ടെന്ന് പഠനം പുനരാരംഭിക്കാമെന്നുള്ള സന്തോഷത്തിലാണ് അഫ്ഗാനിലെ വിദ്യാർഥിനികൾ.
അധികാരത്തിൽ എത്തിയതിന് ശേഷം സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകുമെന്ന് താലിബാൻ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇവയൊന്നും നടപ്പാക്കിയിട്ടില്ല. പല സർക്കാർ ജോലികളിൽ നിന്നും സ്ത്രീകളെ വിലക്കി. ഒറ്റക്ക് പുറത്തിറങ്ങാൻ പാടില്ല തുടങ്ങി ധരിക്കുന്ന വസ്ത്രങ്ങളിൽ വരെ കടുത്ത നിയന്ത്രണങ്ങളാണ് താലിബാൻ തുടരുന്നത്.
Most Read: 21 ദിവസംകൊണ്ട് വിരിയേണ്ട കോഴിമുട്ട 14ആം ദിനം വിരിഞ്ഞു; കാരണം പിടികിട്ടാതെ വീട്ടുകാർ







































