മലപ്പുറം: മേലാറ്റൂരിൽ വൻ കുഴൽപ്പണ വേട്ട. 1.3 കോടി രൂപയുമായി രണ്ട് പേർ പിടിയിലായി. കോഴിക്കോട് മുക്കം പൂളപ്പൊയിൽ സ്വദേശികളായ മലയിൽ മുഹമ്മദ് (54), നൊട്ടൻതൊടിക റഹീം (42) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ മേലാറ്റൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ സിഎസ് ഷാരോണും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്.
കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട് ജില്ലയിലേക്ക് കുഴൽപ്പണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് വാഹന പരിശോധന കർശനമാക്കിയിരുന്നു. ചൊവ്വാഴ്‌ച രാത്രി 12 ഓടെ മേലാറ്റൂർ ഉച്ചാരക്കടവിൽ നടത്തിയ വാഹന പരിശോധനയിൽ സംശയാസ്‌പദമായ സാഹചര്യത്തിൽ ഹ്യുണ്ടായ് ക്രെറ്റ കാർ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് വാഹനം സ്‌റ്റേഷനിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് വാഹനത്തിന്റെ മുമ്പിലും പിൻ ഭാഗത്തുമായി രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 500ന്റെ ഒരു കോടി മൂന്ന് ലക്ഷം രൂപ കണ്ടെത്തിയത്.
കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട് ജില്ലയിലേക്ക് കടത്തുകയായിരുന്നു പണമെന്ന് പ്രതികളെ ചോദ്യം ചെയ്‌തതിലൂടെ പോലീസ് കണ്ടെത്തി. കസ്‌റ്റഡിയിലെടുത്ത കാറും പണവും പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. സ്‌റ്റേഷൻ ഹൗസ് ഓഫിസർ സിഎസ് ഷാരോണിനെ കൂടാതെ എഎസ്ഐ മൊയ്‌തീൻ കുട്ടി, സീനിയർ സിവിൽ പോലീസ് ഓഫിസർ റസാഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Most Read: 110 ദിവസം, 6,000 കിലോമീറ്റർ; ലോക റെക്കോർഡിലേക്ക് നടന്നുകയറി സൂഫിയ






































