രാജ്യത്തെ പ്രധാന നഗരങ്ങളായ ഡെൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതാ ശൃംഖലയായ ‘ഗോൾഡൻ ക്വാഡ്രിലാറ്ററല്‍’ (സുവർണ ചതുർഭുജം) കാൽനടയായി സഞ്ചരിച്ച് ലോക റെക്കോർഡ് സൃഷ്‌ടിച്ചിരിക്കുകയാണ് ഡെൽഹിയിലെ സൂഫിയ ഖാൻ. ഗോൾഡൻ ക്വാഡ്രിലാറ്ററല്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കാൽനടയായി സഞ്ചരിച്ചതിന്റെ റെക്കോർഡാണ് സൂഫിയ നേടിയിരിക്കുന്നത്.
വെറും 110 ദിവസവും 23 മണിക്കൂറും 24 മിനിറ്റും കൊണ്ട് 6,002 കിലോമീറ്റർ യാത്രയാണ് 34കാരിയായ സൂഫിയ പൂർത്തിയാക്കിയത്. 2020 ഡിസംബർ 16ന് രാജ്യതലസ്‌ഥാനത്ത് നിന്ന് ആരംഭിച്ച യാത്ര 2021 ഏപ്രിൽ 6ഓടെ പൂർത്തിയായി. യാത്ര കഠിനമായിരുന്നെങ്കിലും പിൻമാറാൻ സൂഫിയ ഒരുക്കമായിരുന്നില്ല.
‘ഇല്ല, എന്റെ ഉദ്യമത്തില്‍ നിന്ന് ഒരിക്കലും പിന്തിരിയാന്‍ ശ്രമിച്ചിട്ടില്ല’; സൂഫിയയെ ഉദ്ധരിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തങ്ങളുടെ വെബ്‌സൈറ്റില്‍ കുറിച്ചിരിക്കുന്നതാണ് ഈ വാചകം. യാത്രക്കിടെ നിരവധി പരിക്കുകൾ പറ്റിയെങ്കിലും തന്റെ മുഴുവൻ ശ്രദ്ധയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ശ്രമം പൂർത്തീകരിക്കുന്നതിൽ ആയിരുന്നുവെന്ന് സൂഫിയ പ്രതികരിച്ചു.
പിന്തുണയുമായി ഭർത്താവും ഒപ്പമുണ്ടായിരുന്നു. പോഷകാഹാരം എത്തിക്കുന്നതും ഷെഡ്യൂൾ നിയന്ത്രിക്കുന്നതും അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു എന്ന് സൂഫിയ പറയുന്നു. ഇതുകൂടാതെ, പ്രാദേശിക ഓട്ടക്കാരും സൈക്‌ളിസ്‌റ്റുകളും യാത്രയുടെ വിവിധ ഘട്ടങ്ങളിൽ സൂഫിയക്കൊപ്പം ചേർന്നിരുന്നു. ശനിയാഴ്‌ചയാണ് ‘ഗോള്‍ഡന്‍ ക്വീഡ്രിലാട്രല്‍ റോഡ് ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ വനിത’ എന്ന ഗിന്നസ് വേള്‍ഡ് റെക്കോഡിന്റെ സര്‍ട്ടിഫിക്കറ്റ് സൂഫിയ ഏറ്റുവാങ്ങിയത്.
Most Read: 20 വർഷത്തോളം ഇംഗ്‌ളീഷ് അധ്യാപകൻ, ഇന്ന് ഓട്ടോ ഡ്രൈവർ; ‘പട്ടാഭി’ പൊളിയാണ്