കോഴിക്കോട്: മാദ്ധ്യമ മേഖലയിലെ ദേശീയ സംഘടനകളിൽ ഒന്നായ ജേർണലിസ്‌റ്റ് ആൻഡ് മീഡിയ അസോസിയേഷൻ സംസ്‌ഥാന (കേരളം) വൈസ് പ്രസിഡണ്ടായി കോഴിക്കോട് കുന്ദമംഗലം സ്വദേശിയും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ എം സിബഗത്തുള്ള ചുമതലയേറ്റു.
1996ൽ ചന്ദ്രിക ദിനപത്രത്തിൽ മാദ്ധ്യമ ജീവിതം ആരംഭിച്ച സിബഗത്തുള്ള കേരള നിയമസഭയിലെ സ്‌ഥിരം മാദ്ധ്യമ പ്രതിനിധിയും സംസ്‌ഥാന വിവര-പൊതുജന സമ്പർക്ക വകുപ്പിന്റെ (പിആർഡി) അംഗീകൃത മാദ്ധ്യമപ്രവർത്തകനുമാണ്. രണ്ടുതവണ അന്താരാഷ്‌ട്ര പുസ്‌തകമേളയുടെ വൈസ് ചെയർമാൻ പദവി വഹിച്ചിട്ടുണ്ട്. ദീർഘമായ മാദ്ധ്യമ ജീവിതത്തിനിടയിൽ സാമൂഹിക-സാംസ്‌കാരിക രംഗത്തും വിവിധ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും ഇദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.
മൂന്നു പതിറ്റാണ്ട് നീണ്ട മാദ്ധ്യമപ്രവർത്തന ജീവിതത്തിൽ ഒട്ടനേകം സാമൂഹിക പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ജനശബ്‌ദം ന്യൂസിന്റെ നേതൃത്വത്തിൽ നിരവധി നിർധന കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുന്നതിൽ നേതൃത്വം നൽകി. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത അർഹരായ 19 കുടുംബങ്ങൾക്ക് സൗജന്യ ഭൂമി ലഭ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. കുന്ദമംഗലം ടൗണിലെ ഹാപ്പിനസ് പാർക്ക് യാഥാർഥ്യമാക്കുന്നതിന് നേതൃത്വം നൽകി.
കോഴിക്കോട് ഐഐഎം, ഖത്തർ കെഎംസിസി, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് എന്നിവരുടേത് ഉൾപ്പടെ പത്തിലേറെ അവാർഡുകളും ആദരങ്ങളും ഇദ്ദേഹത്തിനെ തേടിയെത്തിയിട്ടുണ്ട്. കുന്ദമംഗലം പ്രസ് ക്‌ളബ് പ്രസിഡണ്ടായി രണ്ടുതവണ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ഒരുതവണ ജെഎംഎ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സ്‌ഥാനവും രണ്ടുതവണ ജെഎംഎ സംസ്‌ഥാന സെക്രട്ടറിയായും ചുമതല വഹിച്ചിട്ടുണ്ട്.
മാദ്ധ്യമപ്രവർത്തന രംഗത്തെ അനുഭവസമ്പത്തും സംഘടനാമികവും പരിഗണിച്ചാണ് അദ്ദേഹത്തെ സംസ്‌ഥാന വൈസ് പ്രസിഡണ്ടായി നിയമിച്ചതെന്ന് സംഘടനാ ദേശീയ-സംസ്‌ഥാന നേതൃത്വം അറിയിച്ചു. മാദ്ധ്യമ മേഖലയുടെ അവകാശ സംരക്ഷണത്തിനും ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്‌തിപ്പെടുത്താനും സംഘടനയുടെ പ്രവർത്തനങ്ങൾ സംസ്‌ഥാനത്തുടനീളം വ്യാപിപ്പിക്കുന്നതിനും പുതിയ ചുമതലയിൽ ഇദ്ദേഹത്തിന് സാധിക്കുമെന്ന പ്രതീക്ഷ ദേശീയസമിതി പ്രകടിപ്പിച്ചു.
കേരള സംസ്‌ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ദേശീയ പ്രസിഡണ്ട് വൈശാഖ് സുരേഷാണ് ജെഎംഎ സംസ്‌ഥാന വൈസ് പ്രസിഡണ്ടായി എം സിബഗത്തുള്ളയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദേശീയ ജനറൽ സെക്രട്ടറി ആറുമുഖൻ പിള്ള, ദേശീയ സെക്രട്ടറി (കേരള ചാർജ്) ഷിബു ബി, സംസ്‌ഥാന പ്രസിഡണ്ട് ത്രിലോചനൻ ബി, എന്നിവർ സിബഗത്തുള്ളയെ അഭിനന്ദിക്കുകയും പുതിയ ചുമതലയിൽ വിജയാശംസകൾ നേരുകയും ചെയ്‌തു.
Most Read| ‘ബാല്യം തിരികെ നൽകും’; കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനവുമായി യുകെ



































