ബെംഗളൂരു സ്വദേശിയായ നിഖിത അയ്യർ പതിവ് പോലെ ജോലിക്ക് പോകാനായി വഴിയിൽ ഒരു ഓട്ടോയ്‌ക്ക് കൈ കാണിച്ചു. നല്ലൊരു ചിരി പാസാക്കി ‘എവിടെ എത്തിക്കണമെന്ന്’ സ്‌ഫുടമായ ഇംഗ്‌ളീഷിൽ ഓട്ടോ ഡ്രൈവർ ചോദിച്ചപ്പോഴാണ് നിഖിതയുടെ അമ്പരപ്പ് ആരംഭിക്കുന്നത്. തുടർന്നുള്ള യാത്രയിൽ നിഖിതയെ കാത്തിരുന്നത് അതിശയിപ്പിക്കുന്ന അനുഭവങ്ങൾ തന്നെയായിരുന്നു.
‘തന്റെ ജീവിതത്തിലെ കൗതുകം നിറഞ്ഞ 45 മിനിറ്റ്’ എന്ന തലക്കെട്ടോടെ നിഖിത തന്റെ അനുഭവം ലിങ്ക്ഡ്‌ഇനിൽ പങ്കുവെക്കുകയും ചെയ്‌തു. വൈകാതെ തന്നെ അത് വൈറലായി. പട്ടാഭി രാമൻ എന്ന കോളേജ് അധ്യാപകൻ എങ്ങനെ ഓട്ടോ ഡ്രൈവറായി? 74കാരനായ ഈ ഓട്ടോ ഡ്രൈവർ അധ്യാപകന്റെ കരുണയുള്ള പെരുമാറ്റം കണ്ടിട്ടാണ് നിഖിത അദ്ദേഹത്തിന്റെ ഓട്ടോയിൽ കയറിയത്. ഇംഗ്‌ളീഷിൽ വളരെ സ്‌ഫുടതയോടെ സംസാരിക്കുന്നതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് നിഖിതയെ ഞെട്ടിച്ച് കൊണ്ട് അദ്ദേഹം ആ കാര്യം വെളിപ്പെടുത്തിയത്.
മുംബൈയിലെ ഒരു കോളേജിൽ ഇംഗ്‌ളീഷ് ലക്‌ചറർ ആയിരുന്നത്രേ കക്ഷി. എംഎ, എംഎഡ് ആണ് യോഗ്യത. 20 വർഷത്തോളം അധ്യാപകനായി സേവനം അനുഷ്‌ഠിച്ചു. നിഖിത അടുത്ത ചോദ്യം ചോദിക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം അത് ഊഹിച്ചെടുത്തിരുന്നു. ‘എന്ത് കൊണ്ടാണ് ഞാൻ ഓട്ടോ ഓടിക്കുന്നത്?’ എന്നല്ലേ നിങ്ങൾ ചോദിക്കാൻ പോകുന്നത്.
ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് ഓട്ടോ ഡ്രൈവറിന്റെ വേഷം അണിഞ്ഞത്. 14 വർഷമായി ഇപ്പോൾ ഈ തൊഴിൽ തന്നെയാണ് ചെയ്യുന്നത്. മുൻപ് കർണാടകയിൽ ജോലി ലഭിക്കാത്തതിനാലാണ് താൻ മുംബൈയിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ ജോലി തേടി ചെന്ന സ്‌ഥലങ്ങളിലെല്ലാം നിങ്ങളുടെ ജാതി എന്താണ് എന്ന ചോദ്യമാണ് പട്ടാഭി രാമന് നേരിടേണ്ടി വന്നത്. പേര് പറയുമ്പോൾ വിവരമറിയിക്കാം എന്ന് പറഞ്ഞ് ഒഴിവാക്കുമായിരുന്നത്രേ. കർണാടകയിലെ കോളേജുകളിൽ നിന്ന് ലഭിച്ച പ്രതികരണങ്ങൾ മടുത്തിട്ടാണ് അദ്ദേഹം മുംബൈയിലേക്ക് താമസം മാറ്റിയതും അവിടെ തന്നെ ജോലി ചെയ്‌തതും.
20 വർഷത്തോളം മുംബൈ പവായിലെ പ്രമുഖ കോളേജിൽ ജോലി ചെയ്‌ത ഇദ്ദേഹം തന്റെ 60ആം വയസിൽ വിരമിച്ച ശേഷമാണ് കർണാടകയിലേക്ക് തിരികെയെത്തിയത്. അധ്യാപകർക്ക് നല്ല ശമ്പളം ലഭിക്കുന്നില്ല. പരമാവധി 15,000 രൂപയാണ് സമ്പാദിക്കാൻ കഴിയുന്നത്, അതൊരു സ്വകാര്യ സ്‌ഥാപനമായതിനാൽ എനിക്ക് പെൻഷനില്ല. റിക്ഷ ഓടിച്ചാൽ എനിക്ക് ഒരു ദിവസം 1500 രൂപയെങ്കിലും ലഭിക്കും. എനിക്കും എന്റെ കാമുകിക്കും അത് മതി’; അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.
കാമുകി പ്രയോഗം കേട്ട് പൊട്ടിച്ചിരിച്ച നിഖിതയോട് അത് തന്റെ ഭാര്യയാണെന്നും അവളെ താൻ അങ്ങനെയാണ് വിളിക്കാറെന്നും പട്ടാഭി രാമൻ വിശദീകരിച്ചു. വീടിന്റെ വാടക കൊടുക്കാൻ മകൻ സഹായിക്കുന്നുണ്ട്. എന്നാൽ, അതിലുപരി മക്കളെ ആശ്രയിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തിലെ മനോഹരമായ ഒരു യാത്രയായിരുന്നു അതെന്ന് നിഖിത കുറിച്ചു. ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ താരമാണ് പട്ടാഭി രാമൻ. ബെംഗളൂരുവിൽ അദ്ദേഹത്തെ തേടിയെത്താനും ഇപ്പോൾ ആളുകളുടെ തിരക്കാണ്.
Most Read: അമിത വണ്ണം കുറയ്‌ക്കാൻ കറ്റാർ വാഴ ജ്യൂസ്; തയ്യാറാക്കുന്ന വിധം