മനുഷ്യനായി പിറക്കേണ്ടിയിരുന്നില്ല, വല്ല പക്ഷിയോ മൃഗമോ ഒക്കെ ആയാൽ മതിയായിരുന്നു എന്ന് ഇടക്കെങ്കിലും ചിന്തിച്ചവർ നമുക്കിടയിൽ ഉണ്ടാവാതിരിക്കില്ല. അങ്ങനെ ചിന്തിച്ചു പോകുന്ന ഒരു സംഭവമാണ് ഇംഗ്ളണ്ടിലെ ലെയിൻസ്ബറോ എന്ന ലക്ഷ്വറി ഹോട്ടലിൽ നടക്കുന്നത്. ബക്കിങ്ഹാം കൊട്ടാരത്തേക്കാൾ വലുപ്പമുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ആഡംബര ജീവിതം നയിക്കുന്ന ഒരു പൂച്ചയാണ് ഇവിടുത്തെ താരം.
എലിസബത്ത് രാജ്‌ഞിയുടെ കുട്ടികാലത്തെ പേരായ ലിലിബെറ്റ് എന്ന നാമത്തിലാണ് സൈബീരിയൻ ഇനത്തിൽപെട്ട ഈ മൂന്നുവയസുകാരി പൂച്ച അറിയപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ആഡംബര സൗകര്യത്തിൽ ജീവിക്കുന്ന പൂച്ചയും ലിലിബെറ്റാണ്. ലെയിൻസ്ബറോ ഹോട്ടലിൽ ഒരു രാത്രി തങ്ങുന്നതിന് 27 ലക്ഷം രൂപവരെ മുടക്കേണ്ടി വരുന്ന സ്യൂട്ട് മുറികളുണ്ട്. അവിടെയാണ് ഒരു രാജകുമാരിയെ പോലെ ഏവരുടെയും കണ്ണിലുണ്ണിയായി ലിലിബെറ്റിന്റെ സൗജന്യ താമസം.
ഇംഗ്ളണ്ടിലെ ഒരു ബ്രീഡറിൽ നിന്നും കുഞ്ഞായിരുന്നപ്പോഴാണ് ഹോട്ടലുടമകൾ ലിലിബെറ്റിനെ വാങ്ങിയത്. ബക്കിങ്ഹാം കൊട്ടാരത്തിന് അടുത്തായതിനാൽ ഹോട്ടലിലെ ഉദ്യോഗസ്‌ഥർ ‘ലിലിബെറ്റ്’ എന്ന പേര് തന്നെയാണ് ഇവൾക്ക് ഏറ്റവും യോജിച്ചതെന്ന് തീരുമാനിക്കുകയായിരുന്നു. ലെയിൻസ്ബറോയിൽ താമസിക്കാൻ എത്തുന്നവർക്കൊപ്പം വളർത്തുമൃഗങ്ങളെയും കൊണ്ടുവരാൻ അനുവാദമുണ്ട്. ഇത്തരത്തിൽ കൊണ്ടുവരുന്ന എല്ലാ മൃഗങ്ങളോടും വളരെ സൗഹാർദ്ദപരമായാണ് ലിലിബെറ്റ് പെരുമാറുന്നതെന്ന് ജീവനക്കാർ പറയുന്നു.
എന്നാൽ ഫ്രഞ്ച് ബുൾഡോഗ് ഇനത്തിൽപ്പെട്ട നായകളെ മാത്രം ലിലിബെറ്റിന് അത്ര ഇഷ്‌ടമല്ല. അവയെ കണ്ടാൽ അവൾ പെട്ടെന്ന് അക്രമാസക്‌തയാവാറുണ്ട്. ഹോട്ടലിലെ തുറസായ സ്‌ഥലങ്ങളിലെല്ലാം എപ്പോഴും ലിലിബെറ്റിന്റെ സാന്നിധ്യമുണ്ടാവും. പൂച്ചയോട് ഏറെ സ്‌നേഹത്തോടെയാണ് ഇവിടെയെത്തുന്നവരും പെരുമാറുന്നത്. ഹോട്ടലിന്റെ പേരിനൊപ്പം തന്നെ ലിലിബെറ്റും പ്രശസ്‌തി നേടിക്കഴിഞ്ഞു. ഇപ്പോൾ ലിലിബെറ്റിനെ കാണാൻ മാത്രമായി ഇവിടേക്ക് എത്തുന്നവരും കുറവല്ല.
Most Read: മറന്നുവെച്ച ഒന്നര ലക്ഷം രൂപ ഉടമക്ക് തിരിച്ച് നൽകി ബസ് കണ്ടക്‌ടർ