കണ്ണൂർ: ട്രിപ്പ് അവസാനിപ്പിച്ച് പോകവെയാണ് ബസിന്റെ പിന്നിലെ സീറ്റിനടിയിൽ നിന്ന് കൊയിലാണ്ടി-വടകര റൂട്ടിലെ സജോഷ് ബസിലെ കണ്ടക്‌ടറായ പെരുമാൾപുരം നല്ലോളി സ്വദേശി പ്രദീപന് യാത്രക്കാരിൽ ഒരാൾ മറന്നുവെച്ച സഞ്ചി കിട്ടിയത്. സഞ്ചിയിൽ കയ്യിട്ടപ്പോൾ ബദാമും സ്‌പ്രേയും ലഭിച്ചു. ഉടമ വന്നാൽ കൊടുക്കാനായി സഞ്ചി ബസിലെ പെട്ടിയിൽ തന്നെ സൂക്ഷിച്ചു.
21ആം തീയതി രാത്രിയാണ് സഞ്ചി കിട്ടിയത്. ഉടമ അന്വേഷിച്ച് വരാത്തതിനെ തുടർന്ന് ബസിലെ പെട്ടിയിൽ സൂക്ഷിച്ച സഞ്ചി, 24ന് ബസ് സമരം തുടങ്ങുന്നതിനാൽ 23ന് രാത്രി പ്രദീപൻ വീട്ടിലേക്ക് കൊണ്ടുപോയി. ബദാംപരിപ്പ് വെറുതെയാക്കരുത് എന്നതായിരുന്നു വിചാരം. വീട്ടിലെത്തി കുളിയും മറ്റും കഴിഞ്ഞ് സഞ്ചി വിശദമായി പരിശോധിച്ചപ്പോഴാണ് ഒന്നരലക്ഷം രൂപ കിട്ടുന്നത്. 500ന്റെ മൂന്ന് കെട്ടുകൾ.
സഞ്ചിയിൽ ബാങ്ക് പാസ്ബുക്കും എടിഎം കാർഡും പണം പിൻവലിച്ച രശീതിയുമെല്ലാം ഉണ്ടായിരുന്നു. മൂരാട് നടുവിലെ വള്ളുവശ്ശേരി ശ്രീജിത്ത് എന്നയാളാണ് പണത്തിന്റെ ഉടമയെന്ന് ഇതിൽനിന്ന് മനസിലായി. തുടർന്ന് രശീതിയിലുള്ള ഫോൺ നമ്പറിൽ വിളിച്ച് പ്രദീപൻ കാര്യം പറഞ്ഞു. പണം എവിടെയാണ് നഷ്‌ടപ്പെട്ടത് എന്ന് അറിയാതെ, ഇനിയൊരിക്കലും തിരിച്ചുകിട്ടാൻ വഴിയില്ലെന്ന് കരുതിയിരുന്ന ശ്രീജിത്തിന് പ്രദീപന്റെ ഫോൺ കോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം സമ്മാനിച്ചു.
തുടർന്ന് ആ രാത്രി തന്നെ ശ്രീജിത്ത് പ്രദീപന്റെ വീട്ടിലെത്തി തുക കൈപ്പറ്റി. തുക പ്രദീപൻ കൈമാറുമ്പോൾ സത്യസന്ധതയുടെ വിലമതിക്കാനാവാത്ത മൂല്യമാണ് നൽകുന്നതെന്ന ഭാവമൊന്നും പ്രദീപന് ഉണ്ടായിരുന്നില്ല.
Most Read: ഏപ്രിൽ ഒന്ന് മുതൽ ടൊയോട്ട വാഹനങ്ങളുടെ വില ഉയരും