കോഴിക്കോട്: ജില്ലയിലെ നിപ്പ ഭീതി അകലുന്നു. രോഗബാധിതന്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ആരോഗ്യ പ്രവർത്തകയുടെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു.
നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഏഴ് പേരിൽ രോഗിയുടെ ഏറ്റവും അടുത്ത ബന്ധുക്കളായ രണ്ടുപേരെ ഇന്ന് ഡിസ്‌ചാർജ് ചെയ്‌തു. ഇവരുടെ പരിശോധനാഫലം നേരത്തെ നെഗറ്റീവ് ആയിരുന്നു. അതേസമയം, സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് ക്വാറന്റെയ്‌നിൽ കഴിയുകയായിരുന്ന രോഗിയുടെ അടുത്ത ബന്ധു കൂടിയായ ഒരാളെ നിരീക്ഷണത്തിനായി ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ ആകെ ആറുപേർ ഇപ്പോൾ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരു ആരോഗ്യ പ്രവർത്തകയുടെ സാമ്പിൾ കൂടി ഇന്ന് പരിശോധനയ്‌ക്കായി അയച്ചുവെന്നും മന്ത്രി അറിയിച്ചു. നിപ്പ ബാധിച്ച രാമനാട്ടുകര സ്വദേശി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് വെന്റിലേറ്റർ ചികിൽസയിൽ തുടരുകയാണ്.
ഐസിഎംആർ മാനദണ്ഡപ്രകാരം രണ്ടാം ഡോസ് മോണൊക്ളോണൽ ആന്റിബോഡി രോഗിക്ക് നൽകിയെന്നും ആരോഗ്യമന്ത്രി വ്യക്‌തമാക്കി. നിലവിൽ സമ്പർക്ക പട്ടികയിൽ 103 പേരാണുള്ളത്. ഇതിൽ നാലുപേർ വളരെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽ പെട്ടവരും 14 പേർ ഉയർന്ന റിസ്‌ക് വിഭാഗത്തിൽ പെട്ടവരും 85 പേർ കുറഞ്ഞ വിഭാഗത്തിൽ പെട്ടവരും ആണ്. 45 പേർ ആരോഗ്യപ്രവർത്തകരാണ്.
Most Read| ‘ബാല്യം തിരികെ നൽകും’; കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനവുമായി യുകെ




































