കൊച്ചി: അനുമതി ഇല്ലാതെ വിദേശയാത്ര നടത്തിയ എഡിജിപി എസ് ശ്രീജിത്തിന് അനുകൂലമായി ആഭ്യന്തര വകുപ്പ് നൽകിയ റിപ്പോർട് ഹൈക്കോടതി റദ്ദാക്കി. റിപ്പോർട് നൽകിയ ആഭ്യന്തര വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും നിലവിലെ ചീഫ് സെക്രട്ടറിയുമായ ബിശ്വനാഥ് സിൻഹയെ ഹൈക്കോടതി വിമർശിച്ചു.
പരാതിക്കാരനായ ദിപിൻ ഇടവനയെ കേൾക്കാതെയാണ് റിപ്പോർട് തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമർശനം. പരാതിക്കാരനെയും ശ്രീജിത്തിനെയും ഒരുമിച്ചിരുത്തി സംയുക്‌ത ഹിയറിങ് നടത്തിയത് ശരിയല്ലെന്ന് കോടതി വ്യക്‌തമാക്കി. പരാതിക്കാരനെ വീണ്ടും കേട്ട് വിജിലൻസ് ഡയറക്‌ടർ സമർപ്പിച്ച റിപ്പോർട് കൂടി പരിഗണിച്ച് തീരുമാനമെടുക്കാൻ കോടതി നിർദ്ദേശിച്ചു.
എല്ലാ നടപടികളും പൂർത്തിയാക്കി മൂന്നാഴ്‌ചയ്‌ക്കകം റിപ്പോർട് സമർപ്പിക്കാനാണ് കോടതി ഉത്തരവ്. ഹരജി ഓഗസ്‌റ്റ് 18ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ഫെബ്രുവരി ഒന്നുമുതൽ മൂന്നുവരെയാണ് എഡിജിപി എസ് ശ്രീജിത്ത് ദുബായ് സന്ദർശിച്ചത്.
ഈ യാത്രയ്‌ക്ക് സർക്കാരിന്റെ മുൻകൂർ അനുമതി ഉണ്ടായിരുന്നുവെന്നും, അവിടെ നടന്ന സ്വകാര്യ പരിപാടിയിൽ അദ്ദേഹം പോലീസ് യൂണിഫോം ധരിച്ചിരുന്നില്ലെന്നുമാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ സിൻഹ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
ഈ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പൂർണമായും കളവാണെന്ന് ആരോപിച്ചാണ് പരാതിക്കാരനായ ദിപിൻ ഇടവന ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഈ കേസിൽ പരാതിക്കാരനടക്കം സംയുക്‌ത ഹിയറിങ് നടത്താൻ കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ, എഡിജിപിക്കൊപ്പം ഹിയറിങ്ങിൽ പങ്കെടുക്കാൻ തനിക്ക് കഴിയില്ലെന്ന നിലപാടാണ് ദിപിൻ സ്വീകരിച്ചത്.
തുടർന്ന് പരാതിക്കാരനെ കേൾക്കാതെ ലഭ്യമായ രേഖകളുടെ അടിസ്‌ഥാനത്തിൽ തയ്യാറാക്കി സമർപ്പിച്ച റിപ്പോർട്ടാണ് കോടതി ഇപ്പോൾ തള്ളിയിരിക്കുന്നത്. തനിക്ക് പറയാനുള്ളത് കേൾക്കാൻ അവസരം നൽകിയില്ലെന്ന പരാതിക്കാരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം




































