കൊച്ചി: ഡിജിപി എസ് ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണ ആവശ്യത്തിൽ തീരുമാനം എന്തെന്ന് അറിയിക്കാത്തതിൽ അതൃപ്‌തിയുമായി ഹൈക്കോടതി. ആഭ്യന്തര വകുപ്പ് സെക്രട്ടറി മിൻഹാജ് ആലം വ്യാഴാഴ്‌ച നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
പരാതിക്കാരനെ കേട്ട് മൂന്നാഴ്‌ചയ്‌ക്കകം തീരുമാനമെടുത്ത് അറിയിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും അത് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് ഉത്തരവ്. നേരിട്ട് ഹാജരാകാൻ വെള്ളിയാഴ്‌ച വരെ സാവകാശം നൽകണമെന്ന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി.
ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ചെറിയ കുഴപ്പമുണ്ടെന്നും ഉദ്യോഗസ്‌ഥർ കൃത്യമായി ചുമതല നിർവഹിക്കുന്നില്ലെന്നും കോടതി വാക്കാൽ ചൂണ്ടിക്കാട്ടി. ഡിജിപി ശ്രീജിത്ത് മുൻകൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയത് ഉൾപ്പടെയുള്ള വിഷയങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് സർക്കാർ തീരുമാനം എടുക്കേണ്ടത്.
ഇതിനൊപ്പം യൂണിഫോം ധരിച്ച് യുഎഇയിൽ സ്വകാര്യ സ്‌ഥാപനത്തിന്റെ ഉൽഘാടനത്തിൽ പങ്കെടുത്തു, ട്രാൻസ്‌പോർട്ട് കമ്മീഷണറായിരിക്കെ അഴിമതി നടത്തി തുടങ്ങി ഗുരുതര ആരോപണങ്ങളിലാണ് ശ്രീജിത്തിനെതിരെ ദിപിൻ എടവന വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയത്.
ശ്രീജിത്തിന് അനുകൂലമായി ആഭ്യന്തര വകുപ്പ് നൽകിയ റിപ്പോർട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. റിപ്പോർട് നൽകിയ ആഭ്യന്തര വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും നിലവിലെ ചീഫ് സെക്രട്ടറിയുമായ ബിശ്വനാഥ് സിൻഹയെ ഹൈക്കോടതി വിമർശിക്കുകയും ചെയ്‌തിരുന്നു. പരാതിക്കാരനായ ദിപിൻ ഇടവനയെ കേൾക്കാതെയാണ് റിപ്പോർട് തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമർശനം.
Most Read| പെൻഷൻ വിതരണം നാളെ മുതൽ; 130.31 കോടി രൂപ അനുവദിച്ചു





































