ജയ്പുർ: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് നേരെ ആക്രമണം. തിങ്കളാഴ്ച നടന്ന പ്രതിഷേധ പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യാനായി എത്തിയപ്പോഴാണ് അദ്ദേഹത്തിന് നേരെ ഒരുസംഘം ആക്രമണം അഴിച്ചുവിട്ടത്.
അനുയായികളുടെ തോളിലേറി നീങ്ങുന്നതിനിടെ, ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്ന ചിലർ അദ്ദേഹത്തിന്റെ കഴുത്തിലെ സ്കാർഫ് വലിക്കുകയും പലതവണ മുഖത്തടിക്കുകയും താഴേക്ക് വലിച്ചിടാൻ ശ്രമിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമികൾ അദ്ദേഹത്തെ മർദ്ദിക്കുന്നതും താഴേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പടെയുള്ള പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡെൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ശക്തമായ പ്രതിഷേധം നടത്തുന്നത്. അമൃത്സർ, പൂണെ, ബെംഗളൂരു, ഹൈദരാബാദ്, ലഖ്നൗ എന്നിവിടങ്ങളിലും യുവജന പ്രതിഷേധങ്ങൾ നടന്നു.
മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചില്ലെങ്കിൽ ഡെൽഹിയിൽ വീണ്ടും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ദീപ്കെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തൊഴിലില്ലാത്ത യുവാക്കളെ ജസ്റ്റിസ് സൂര്യകാന്ത് പാറ്റകളോട് ഉപമിച്ചതിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ ഒരുങ്ങിയ രാഷ്ട്രീയ പരിഹാസ കൂട്ടായ്മയാണ് കോക്രോച്ച് ജനതാ പാർട്ടി അഥവാ സിജെപി.
‘കോക്രോച്ച് ജനതാ പാർട്ടി’യുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചിരുന്നു. പിന്നാലെയാണ് യുവജനം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. മടിയൻമാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദമെന്ന മുദ്രാവാക്യവുമായി എത്തുന്ന സിജെപി ഒരു ജെൻസി മൂവ്മെന്റായി മാറിക്കൊണ്ടിരിക്കുകയാണ്.
Most Read| പ്രിയദർശിനി പദ്ധതി സ്ത്രീകൾക്കുള്ള ഔദാര്യമല്ല, ആദരവ്; മുഖ്യമന്ത്രി


































