വാഷിങ്ടൻ: മൂന്നുമാസത്തിലേറെ നീണ്ടുനിന്ന അമേരിക്ക-ഇറാൻ യുദ്ധത്തിന് വിരാമമായി. പശ്‌ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ്, വൈസ് പ്രസിഡണ്ട് ജെഡി. വാൻസ്, ഇറാൻ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ബാലിബാഹ് എന്നിവർ ഡിജിറ്റലായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട് ചെയ്യുന്നത്. ഈമാസം 19ന് സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ വെച്ച് ഔദ്യോഗികമായി കരാറിൽ ഒപ്പുവെക്കും. അതിനുശേഷമായിരിക്കും കരാർ നിലവിൽ വരിക. ജനീവയിൽ നടക്കുന്ന ഒപ്പിടൽ ചടങ്ങിൽ ജെഡി. വാൻസ് പങ്കെടുക്കുമെന്ന് ട്രംപ് അറിയിച്ചു. കരാർ ഒപ്പിട്ടതിന് ശേഷം മാത്രമേ പൂർണരൂപം പരസ്യപ്പെടുത്തൂവെന്നും ട്രംപ് പറഞ്ഞു.
ജനീവയിലെ ഒപ്പിടൽ ചടങ്ങിന് ശേഷം യുഎസുമായി കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും അറിയിച്ചു. കരാർ നടപ്പിലാക്കുന്നത് സംബന്ധിച്ച ചർച്ചകൾ ഇനിയും പൂർണമായിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കരാർ ഔദ്യോഗികമായി ഒപ്പുവെക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല.
കരാറിന്റെ ഭാഗമായി ഇറാന്റെ മരവിപ്പിച്ച 12 ശതകോടി ഡോളർ യുഎസ് വിട്ടുനൽകുമെന്നാണ് റിപ്പോർട്ടുകൾ. 60 ദിവസത്തെ ചർച്ചാ കാലയളവിൽ ഇത് 24 ശതകോടി ഡോളറായി ഉയർന്നേക്കാമെന്നും സൂചനയുണ്ട്. കരാർ ഒപ്പുവെച്ച ശേഷം തുടർന്നുള്ള 60 ദിവസങ്ങളിൽ അവസാനവട്ട ചർച്ചകൾ നടക്കും. ഇറാന്റെ ആണവ പദ്ധതികൾ, ഉപരോധങ്ങൾ നീക്കൽ എന്നിവ ഈ കാലയളവിൽ ചർച്ചാ വിഷയമാകും.
Most Read| നിപ്പ ഭീതി അകലുന്നു; ആരോഗ്യ പ്രവർത്തകയുടെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ്


































