വയനാട്: കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ഉണ്ടായ ശക്‌തമായ മഴയിൽ കാർഷിക മേഖലയിൽ വലിയ നാശനഷ്‌ടം. 26 കോടിയുടെ നാശനഷ്‌ടമാണ് നിലവിൽ കാർഷിക മേഖലയിൽ കണക്കാക്കിയിട്ടുള്ളത്. ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത് വാഴ കർഷകരാണ്. 25 കോടിയുടെ നഷ്‌ടം അവർക്ക് ഉണ്ടായതായാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്.
ജില്ലയിലെ കോട്ടത്തറ, മുട്ടിൽ, കണിയാമ്പറ്റ, പനമരം, തരിയോട്, പടിഞ്ഞാറത്തറ, നൂൽപുഴ, പൂതാടി, തവിഞ്ഞാൽ, വെള്ളമുണ്ട എന്നീ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്‌ടം ഉണ്ടായത്. വാഴ, റബർ, പച്ചക്കറികൾ, കമുക്, തെങ്ങ് എന്നിവയാണ് പ്രധാനമായും കാറ്റിലും മഴയിലും നശിച്ചത്. ഏകദേശം 3,500 കർഷകരെ വേനൽമഴ പ്രതിസന്ധിയിൽ ആക്കിയതായാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്.
3,300 കമുകുകളും 200 തെങ്ങുകളും 1,200 റബർ മരങ്ങളും 4 ഹെക്‌ടറിലെ നെൽക്കൃഷിയും 10 ഹെക്‌ടർ കപ്പക്കൃഷിയും നശിച്ചിട്ടുണ്ട്. കൂടാതെ കാറ്റിലും മഴയിലും വീടുകൾ ഭാഗികമായും നശിച്ചിട്ടുണ്ട്. ഇവയുടെ കണക്കുകൾ കൂടിയാകുമ്പോൾ നാശനഷ്‌ടം ഇനിയും ഉയരുമെന്നാണ് വ്യക്‌തമാകുന്നത്.
Read also: ശ്രീലങ്കയില്‍ പിടിയിലായ മൽസ്യ തൊഴിലാളികള്‍ക്ക് ഒരു കോടി പിഴ ചുമത്തി






































