ഒരിക്കൽ വിപണിയിൽ വൻപരാജയം ഏറ്റുവാങ്ങി പിൻവാങ്ങിയ ഗൂഗിൾ വികസിപ്പിച്ച ആശയവിനിമയ ആപ്പ് ‘അല്ലോ’ മറ്റൊരുപേരിൽ വീണ്ടുംവരുന്നതായി സൂചന. സാങ്കൽപിക അസിസ്റ്റൻസും എഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസും (നിർമിതബുദ്ധി) സമ്മേളിച്ച അൽഭുതമായിരിക്കും ഇതെന്നാണ് സാങ്കേതിക വിദഗ്ധർ പറയുന്നത്.
2023 ആദ്യവാരം പരീക്ഷണഘട്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. വാട്സാപ്പിനെ വെല്ലാൻ കഴിയുന്ന ആപ്പുമായി വരാനെന്നവണ്ണം സൂചന നൽകിയാണ് 2019 മാർച്ച് 12ന് ‘അല്ലോ’ പിൻവാങ്ങിയത്. പ്രദേശിക ഭാഷയിലുള്ള വോയ്സിനെ ടൈപ്പ് ചെയ്യാതെ തന്നെ ഇംഗ്ളീഷ് മറുപടിയാക്കാൻ കഴിവുള്ള എഐ ട്രാൻസ്ലേഷൻ സംവിധാനവുമായാണ് അല്ലോ വരുന്നതെന്ന സൂചനയുണ്ട്.
മെയ് 18, 2016നാണ് ഗൂഗിൾ ‘അല്ലോ’ അവതരിപ്പിച്ചത്. സെപ്റ്റംബർ 21, 2016ന് പൊതുജനങ്ങൾക്കു ലഭ്യമായി. ആൻഡ്രോയിഡ്, ഐഒഎസ് എന്നീ പ്ളാറ്റ് ഫോമുകളിൽ ആപ്പ് ലഭ്യമായിരുന്നു. ഗൂഗിളിന്റെ മെഷീൻ ലേർണിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന സാങ്കേതിക വിദ്യ ഇതിലും ഉണ്ടായിരുന്നു.
ഗൂഗിളിന്റെ തന്നെ ഇമെയിൽ ഇൻബോക്സ് ആപ്പിനെപ്പോലെ ഉപയോക്താവിന്റെ ഇടപെടൽ മനസിലാക്കി മികച്ച സന്ദേശ നിർദ്ദേശങ്ങൾ നൽകാനും ‘വിസ്പെർ ഷൗട്ട്’ എന്ന പ്രത്യേകത ഉപയോഗിച്ച് യഥാർഥ സംസാരത്തിന്റെ ശബ്ദം കൂട്ടുന്നതും കുറയ്ക്കുന്നതും ഒപ്പം, ഇപ്പോൾ വാട്സാപ്പിൽ ഉള്ളതുപോലെ അയക്കുന്ന സന്ദേശത്തിന്റെ വലിപ്പം കൂട്ടാനും കുറയ്ക്കുവാനും അല്ലോ ആപ്പിന് അന്നേ കഴിയുമായിരുന്നു.
നിർമിതബുദ്ധി, യാന്ത്രിക അറിവ്, യാന്ത്രിക ബോധം, എഡിറ്റിങ്, ആർക്കൈവ്സ് എല്ലാം ചേർത്തുള്ള അൽഭുതമായിരിക്കും ഗൂഗിളിന്റെ പുതിയ ആപ്പ്. പരാജയം ഏറ്റുപറഞ്ഞു 2019 മാർച്ച് 12ന് പിൻവാങ്ങി തിരിച്ചുവരുന്നത് 4 വർഷം നീണ്ടുനിന്ന ഗവേഷണ ശേഷമാണ്. അതുകൊണ്ടു തന്നെ ഈ തിരിച്ചുവരവ് വാട്സാപ്പ്, ഫേസ്ബുക്, ഇൻസ്റ്റഗ്രാം എന്നിവക്ക് വലിയ വെല്ലുവിളിയാകും എന്നാണ് കരുതപ്പെടുന്നത്.
പടർന്നു പന്തലിച്ചു ലോകത്തെവിഴുങ്ങിയ വാട്സാപ്പ്, ഫേസ്ബുക്, ഇൻസ്റ്റഗ്രാം എന്നിവയെ ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ വിപണിയിൽനിന്ന് നാമാവശേഷമാക്കാൻ കച്ചകെട്ടിയാണ് ഗൂഗിൾ പുതിയ ആപ്പ് എത്തിക്കുക. ഗൂഗിളിന്റെയും യാഹൂ ഉൾപ്പടെ നിലവിലുള്ള സുപ്രധാന ഇമൈയിലുകളുമായും ബന്ധപ്പെട്ടാണ് പുതിയ ആപ്പ് പ്രവർത്തിക്കുക.
അതിനാൽതന്നെ നമ്മുടെ ഇമെയിൽ അക്കൗണ്ടിലെ കലണ്ടർ, കോണ്ടാക്ട് തുടങ്ങിയവ പുതിയ ആപ്പിലും ലഭിക്കും. ഇത് കൂടുതൽ പേരെ വാട്സാപ്പ്, ഫേസ്ബുക്, ഇൻസ്റ്റഗ്രാം വിട്ട് പുതിയ ആപ്പിലേക്ക് നയിക്കും. ചിത്രങ്ങളും വീഡിയോകളും മ്യൂസിക്കും ഷെയർ ചെയ്യാനും എഡിറ്റ് ചെയ്ത് മിക്സ് ചെയ്യാനും പുതിയ ആപ്പിൽ പറ്റുമെന്നാണ് സൂചന. ഒരേസമയം ഫേസ്ബുക് പോലുള്ള ഒരു സമൂഹികമാധ്യമവും വാട്സാപ്പ് പോലുള്ള മൊബൈൽ ആപ്പും അതേസമയം തന്നെ ഒരു ട്രേഡിങ് ആപ്പുമായി പ്രവർത്തിക്കുന്ന അൽഭുതമായിരിക്കും ഇതെന്നാണ് പ്രവചനം.
സാമൂഹിക മാധ്യമലോകത്ത് ഓർകൂട്ട് അപ്രതീക്ഷിതമായി പിൻവാങ്ങേണ്ടിവന്ന ഗൂഗിൾ പ്രൊഡക്റ്റായിരുന്നു ശേഷം ഗൂഗിൾ സർക്കിൾ, ഗൂഗിൾ ബസ്, ഗൂഗിൾ പ്ളസ് ഉൾപ്പടെ അനേകം സാമൂഹിക മാധ്യമ പരീക്ഷണങ്ങളും മൊബൈൽ ആപ്പുകളും ഗൂഗിൾ പരീക്ഷിച്ചു. ഒരുക്കണക്ക് പറയുന്നത്, 2006 മുതൽ പരാജയപ്പെട്ട 194 പദ്ധതികൾ ഗൂഗിൾ ഉപേക്ഷിച്ചിട്ടുണ്ട് എന്നാണ്.
നിലവിൽ നമ്മുടെ സേർച്ച് ഹിസ്റ്ററി, വാങ്ങൽ ഹിസ്റ്ററി, യൂട്യൂബ് ഹിസ്റ്ററി, യാത്രാ ഹിസ്റ്ററി, ഇമെയിൽ ഹിസ്റ്ററി, ലോകത്തുള്ള 70 ശതമാനത്തിലധികം സ്ഥാപനങ്ങളുടെ വിലാസവും ഇതര വിവരങ്ങളും ഉൾപ്പടെ ലോകത്ത് ഏറ്റവും കൂടുതൽ ഡാറ്റകൾ കൈവശമുള്ള സ്ഥാപനമാണ് ഗൂഗിൾ. അതുകൊണ്ടുതന്നെ ഇനിയുള്ള കടന്നുവരവ് ലോകത്തെ ഞെട്ടിക്കും എന്നാണ് സാങ്കേതിക ലോകത്തുള്ളവരുടെ വിലയിരുത്തൽ. നമുക്ക് കാത്തിരിക്കാം പുതിയ ഗൂഗിൾ വിപ്ളവത്തിന്.
Most Read: ‘രാജ്യത്തിന് അദ്ദേഹത്തെ ആവശ്യമുണ്ട്’; സ്വത്തുവകകൾ രാഹുൽ ഗാന്ധിയുടെ പേരിലെഴുതി 78കാരി





































