1600 വർഷം പഴക്കമുള്ള ആലിംഗന ബദ്ധരായ സ്‌ത്രീയും പുരുഷനും; പ്രണയത്തിന് 6000 വർഷം പഴക്കം

By Desk Reporter, Malabar News
1600 years old lovers skeleton
Ajwa Travels

അതീവമനോഹരമായ കാഴ്‌ചയാണ്‌ ചൈനയിൽ കണ്ടെത്തിയ ഒരു ശവകുടീരം നമ്മോടുപറയുന്നത്. ഇണകളുടെ പ്രണയത്തിന്റെ ആഴത്തിനും പരപ്പിനും ചരിത്രാതീത കാലത്തോളം പഴക്കമുണ്ടെന്ന് തെളിയിക്കുന്ന അസ്‌ഥികൂടങ്ങളാണ് ഒരു ശവകുടീരത്തിൽ നിന്ന് ഇവിടെ കണ്ടെത്തിയത്.

ചൈന ഡെയ്‌ലി എന്ന പത്രത്തിൽ 6 ദിവസങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ച വാർത്തയനുസരിച്ച്, വടക്കൻ ചൈനയിലാണ് 1600 വർഷത്തിലേറെ പഴക്കമുള്ള ശവകുടീരത്തിൽ നിന്ന് ആലിംഗനബദ്ധരായി കിടക്കുന്ന സ്‌ത്രീയുടെയും പുരുഷന്റെയും അസ്‌ഥികൂടം കണ്ടെത്തിയത്.

പുരുഷൻ സ്‌ത്രീയുടെ അരയിൽ കൈകൾ ചുറ്റിപ്പിടിച്ചപ്പോൾ അവൾ, കൈകളും തലയും അവന്റെ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്ന മനോഹരമായ പ്രണയശിൽപം പോലെയാണ് ഈ അസ്‌ഥികളെ കാണാൻ കഴിയുന്നത്. അവളുടെ ഇടതുകൈയിലെ മോതിരവിരലിൽ ഒരു വെള്ളി മോതിരവും ഗവേഷകർ കണ്ടെത്തി. പുരുഷന്റെ വലതു കൈയിൽ സുഖപ്പെടുത്താത്ത അണുബാധയുള്ള ഒടിവും കണ്ടെത്തിയിരുന്നു.

പുരാതന ചൈനീസ് ദമ്പതികളുടെയോ കമിതാക്കളുടെയോ ശരീരങ്ങളായിരിക്കും ഇതെന്നാണ് നിഗമനം. കാരണം, സ്‌ത്രീ-പുരുഷ ആലിംഗനത്തിന് 6,000 വർഷങ്ങളുടെ പഴക്കമുള്ള ചരിത്രതെളിവുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. 2020 ഓഗസ്‌റ്റ് 5നാണ് വടക്കൻ ചൈനയിൽ നിന്ന് ഈ അസ്‌ഥികൂടങ്ങൾ കണ്ടെത്തിയത്. പരീക്ഷണ, ഗവേഷണത്തിന് ശേഷം ഔദ്യോഗികമായി വാർത്ത പുറത്ത് വിട്ടത് ഇപ്പോൾ മാത്രമാണെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്. തികച്ചും സംരക്ഷിത മൃതദേഹങ്ങളുടെ അസ്‌ഥികളാണ് കണ്ടെത്തിയത്.

1600 years old lovers skeleton
ചൈനയിൽ കണ്ടെത്തിയ ആലിംഗനബദ്ധരായ സ്‌ത്രീ-പുരുഷ അസ്‌ഥികളുടെ ഫോട്ടോ

2007ൽ ഇറ്റലിയിലെ ഒരു ഉൾപ്രദേശത്ത് നിന്ന് കണ്ടെത്തിയ ശവകുടീരത്തിലും സമാനമായ അസ്‌ഥികൂടങ്ങൾ ലഭിച്ചിരുന്നു. പരസ്‌പരം കൈകൾ കൊണ്ട് കെട്ടിപിടിച്ച് ആലിംഗനം ചെയ്യുന്നതിനെ അനുസ്‌മരിപ്പിക്കുന്ന രീതിയിലുള്ള ഈ അസ്‌ഥികൂടങ്ങൾ ഇപ്പോൾ ലഭ്യമായതിനേക്കാൾ ദ്രവിച്ചിരുന്നു. ഇവയുടെ പഴക്കം 5800നും 6000 വർഷത്തിനും ഇടയിൽ ആണെന്നാണ് ശാസ്‌ത്രീയ വിശദീകരണം. വാൾഡാരോ പ്രേമികൾ എന്നും ‘ലവേഴ്‌സ്‌ ഓഫ് വാൾഡാരോ’ എന്നുമാണ് ഈ അസ്‌ഥികൂടങ്ങൾ അറിയപ്പെടുന്നത്.

മറ്റൊന്ന്, പ്രണയത്തെ എതിർത്തിരുന്ന ഗോത്രവിഭാഗങ്ങൾ ഇന്നത്തെ പോലെ പുരാതന കാലത്തും ഉണ്ടായിരുന്നിരിക്കാം. അതുപോലെ മരണാനന്തര ജീവിത വിശ്വാസങ്ങളും. ഒന്നിലധികം വംശീയ ഗ്രൂപ്പുകളിൽ പെട്ടവരുടെ പ്രണയവും അതുമൂലമുള്ള സംഘട്ടനങ്ങളും അക്കാലത്തും ഉണ്ടായിരുന്നതായി നിരവധിരേഖകൾ തെളിയിക്കുന്നുണ്ട്.

Valdaro Lovers Skeleton
6000 വർഷത്തോളം പഴക്കമുള്ള ‘വാൾദാരോ പ്രേമികൾ’ അസ്‌ഥികൂടം

അതുകൊണ്ട്, മരണാനന്തര ജീവിതത്തിൽ എന്നേക്കും ഒരുമിച്ച് ജീവിക്കാൻ വേണ്ടി ആത്‍മഹത്യ ചെയ്‌ത പ്രണയിതാക്കളുടേതാകാം ഈ അസ്‌ഥികൂടങ്ങളെന്നും പറയപ്പെടുന്നു. കൂടുതൽ ഗവേഷണങ്ങൾ തുടരുകയാണ്. എന്തായാലും മനുഷ്യ ജീവിതത്തിന്റെയും മരണത്തിന്റെയും സാമൂഹികമായ കാഴ്‌ചപ്പാടുകളുടെയും പ്രണയത്തോടുള്ള മനോഭാവങ്ങളും നന്നായി വ്യാഖ്യാനിക്കാൻ ഇത്തരം കണ്ടെത്തലുകൾ സഹായിക്കുമെന്ന് ഗവേഷകർ വ്യക്‌തമാക്കി.

Most Read: ‘കുറാത്ത് -ആം ദി പോപ്പ്’ സിനിമ; വീണ്ടും നിഗൂഢതകളുടെ പ്രചാരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE