ടെക്ക് ഭീമനായ ആപ്പിളിന്റെ കരാർ നിർമ്മാണ പങ്കാളികളായവർ, ഇന്ത്യൻ സ്മാർട്ട്ഫോൺ വിൽപ്പനക്കാരായ മൈക്രോമാക്സ്, ലാവ തുടങ്ങിയവർ പ്രാദേശിക സ്മാർട്ട്ഫോൺ നിർമ്മാണം ഉയർത്താൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ 660 കോടി ഡോളറിന്റെ പ്രോത്സാഹന പദ്ധതിക്കായി അപേക്ഷിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു.
ഈ പദ്ധതി അഞ്ച് വർഷത്തിനിടയിൽ പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന വസ്തുക്കളുടെ അധിക വിൽപ്പനക്ക് 6 ശതമാനം സാമ്പത്തിക പ്രോത്സാഹനം ഉൾപ്പെടെയുള്ള നിരവധി ആനുകൂല്യങ്ങൾ നൽകും. ഇതിനായി 2019-2020 അടിസ്ഥാന വർഷമായി സജ്ജമാക്കുമെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയെ ഉയർന്ന നിലവാരമുള്ള സ്മാർട്ട്ഫോണുകളുടെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനും രാജ്യത്തെ സ്വാശ്രയത്വം വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തെ പിന്തുണക്കുന്നതിനുമാണ് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് എന്ന് പേരിട്ടിട്ടുള്ള ഈ സ്കീം ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ആഗോള സ്മാർട്ട്ഫോൺ വിൽപ്പന വരുമാനത്തിന്റെ 50 ശതമാനത്തിലധികം വരുന്ന രണ്ടു കമ്പനികളായ സാംസങ്ങിന്റെയും ആപ്പിളിന്റെയും ഈ താൽപ്പര്യം ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിപണിയിൽ അവർ കാണുന്ന അവസരങ്ങളുടെ തെളിവ് ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആകർഷകമായ നയങ്ങളുമായി ആപ്പിളിനെയും സാംസങ്ങിനെയും ഇന്ത്യ സ്വാഗതം ചെയ്യുന്നുവെന്നും രാജ്യത്ത് അവരുടെ സാന്നിധ്യം വിപുലീകരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
22 കമ്പനികൾ പ്രോത്സാഹന പദ്ധതിക്കായി അപേക്ഷിച്ചിട്ടുണ്ട്. അതിൽ ഇലക്ട്രോണിക്സ് ഘടകങ്ങളുടെ നിർമ്മാണവും ഉൾപ്പെടുന്നു. കൂടാതെ പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന യൂണിറ്റുകളുടെ 60 ശതമാനം ഇന്ത്യക്കു പുറത്ത് കയറ്റുമതി ചെയ്യാൻ സമ്മതിച്ചിട്ടുണ്ട്. ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ, വിവോ, വൺപ്ലസ്, റിയൽമി എന്നിവർ ഇൻസെന്റീവിന് അപേക്ഷിച്ചിട്ടില്ല. എന്നാൽ ഈ പദ്ധതിയുടെ ഭാഗമാവുന്നതിൽ നിന്നും ചൈനീസ് കമ്പനികളെ സർക്കാർ തടഞ്ഞിരുന്നില്ല.







































