ന്യൂഡെൽഹി: ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ആപ്പിൾ സ്‌റ്റോർ മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു. ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിൾ സിഇഒ ടിം കുക്ക് സ്‌റ്റോർ ഉൽഘാടനം ചെയ്‌തു. ആപ്പിൾ കമ്പനി നേരിട്ട് നടത്തുന്ന ഇന്ത്യയിലെ ആദ്യ ഷോറൂമാണിത്. ആപ്പിൾ ഇന്ത്യയിലെത്തി 25 വർഷത്തിലധികം ആയെങ്കിലും ഔദ്യോഗിക സേവന കേന്ദ്രങ്ങളുടെ കാര്യത്തിൽ കമ്പനി ഇപ്പോഴാണ് അനുകൂല തീരുമാനം സ്വീകരിച്ചത്.
ഇന്ത്യയിലെ ആപ്പിൾ ഉപയോക്‌താക്കളുടെ വർധനവാണ് കമ്പനിയുടെ പുതിയ തീരുമാനത്തിന് പിന്നിൽ. 28,000 ചതുരശ്ര അടി വലിപ്പത്തിൽ മൂന്ന് നിലകളിലായാണ് മുംബൈയിലെ തിരക്കേറിയ ബാന്ദ്ര കുർള കോംപ്ളക്‌സിൽ സ്‌റ്റോർ ഒരുക്കിയിരിക്കുന്നത്. മുംബൈയിലെ പ്രശസ്‌തമായ കറുപ്പും മഞ്ഞയും ചേർന്ന ടാക്‌സികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈൻ. സ്‌റ്റോറിൽ ഇരുപതിലധികം ഭാഷകൾ സംസാരിക്കുന്ന 100ൽ അധികം ജീവനക്കാർ ഉണ്ടെന്നാണ് റിപ്പോർട്.
ആപ്പിൾ സ്‌റ്റോറിന് വ്യത്യസ്‌തവും ആകർഷകവുമായ ഗ്ളാസ് ഔട്ട്ലുക്കാണ് നൽകിയിരിക്കുന്നത്. പുറം ചുമരുകൾ മുഴുവനും ഗ്ളാസ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഉയരമുള്ള സീലിങ്ങും തൂണുകളും ഉള്ള വിശാലമായ സ്‌റ്റോറിനുള്ളിൽ സമാന്തരമായി ഡെസ്‌ക്കുകൾ ഒരുക്കിയിട്ടുണ്ട്. ഐ ഫോൺ ആക്‌സസറികൾ, മാക് ലാപ്‌ടോപ്പുകൾ, ഡെസ്‌ക്ക്‌ചടോപ്പുകൾ, മറ്റു ആപ്പിൾ ഉൽപ്പന്നങ്ങൾ എന്നിവക്കായി മുകൾ നിലയിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
2020ൽ ആണ് ഇന്ത്യയിൽ ആദ്യ ഓൺലൈൻ സ്‌റ്റോർ ആപ്പിൾ ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്‍മാർട്ട് ഫോൺ മാർക്കറ്റാണ് ഇന്ത്യ. കൂടാതെ, ഇന്ത്യയിലെ ആപ്പിൾ ഉപഭോക്‌താക്കളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. അതിനിടെ, ഏപ്രിൽ 20ന് ഡെൽഹിയിലെ സാകേതിൽ രണ്ടാമത്തെ ഔദ്യോഗിക ആപ്പിൾ സ്‌റ്റോറും പ്രവർത്തനം ആരംഭിക്കും.
Most Read: റോഡിലെ കുണ്ടും കുഴിയും; ന്യൂഡിൽസ് പ്രതിഷേധവുമായി യുകെ സ്വദേശി