തിരുവനന്തപുരം: സംസ്ഥാനത്ത് മാർക്കറ്റ് വിലയിൽ കെഎസ്ആർടിസിക്ക് ഡീസൽ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ആശ്വാസകരമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആർടിസിക്ക് അനുകൂലമായ വിധി ഉണ്ടായതിൽ സന്തോഷിക്കുന്നുവെന്നും, ഈ വിധി ചരിത്ര സംഭവമാണെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതി വിധി കേരളത്തിന് മാത്രമല്ല, മറ്റ് ട്രാൻസ്പോർട് കോർപറേഷനുകൾക്കും ആശ്വാസം നൽകുന്നതാണെന്നും മന്ത്രി അറിയിച്ചു.
എണ്ണ കമ്പനികളുടെ നിലപാട് ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമായിരുന്നുവെന്നും ഗതാഗത മന്ത്രി ആന്റണി രാജു കൂട്ടിച്ചേർത്തു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് വിധി. ഇതോടെ മാർക്കറ്റ് വിലയിൽ ഇനിമുതൽ കെഎസ്ആർടിസിക്ക് ഇന്ധനം ലഭിക്കും. പ്രഥമദൃഷ്ട്യാ വില നിര്‍ണയത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ബൾക്ക് യൂസർ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് എണ്ണക്കമ്പനികൾ കെഎസ്ആർടിസിക്ക് അധിക വില ഈടാക്കി ഡീസൽ നൽകാൻ തീരുമാനിച്ചത്. എന്നാൽ കെഎസ്ആർടിസിക്ക് ഈടാക്കുന്ന ഡീസൽ വില വളരെ കൂടുതലാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എൻ നഗരേഷ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൂടിയ വിലയിൽ ഇന്ധനം നൽകുന്നതിനെതിരെ കെഎസ്ആർടിസി സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സംസ്ഥാനത്ത് 4 ലക്ഷം ലിറ്റര്‍ ഡീസലാണ് കെഎസ്ആർടിസി പ്രതിദിനം ഉപയോഗിക്കുന്നത്. ഇക്കാരണത്താലാണ് കെഎസ്ആര്‍ടിസിയെ ബള്‍ക്ക് കണ്‍സ്യൂമറായി പെട്രോളിയം കോര്‍പ്പറേഷനുകള്‍ പരിഗണിക്കുന്നത്. വിപണി വിലയെക്കാള്‍ 1.90 രൂപ ലിറ്ററിന് കുറച്ചാണ് നേരത്തെ കെഎസ്ആര്‍ടിസിക്ക് ഇന്ധനം നല്‍കിയിരുന്നത്. എന്നാൽ ബള്‍ക്ക് പര്‍ച്ചേസില്‍ ഉൾപ്പെടുത്തിയതോടെ ഒരു ലിറ്റര്‍ ഡീസലിന് വിപണി വിലയേക്കാള്‍ 27 രൂപ അധികം നൽകേണ്ടി വന്നു.
Most Read: വിഷു കൈനീട്ടം; വിമർശിച്ചവർ ചൊറിയൻ മാക്രികൾ ആണെന്ന് സുരേഷ് ഗോപി എംപി







































