സാൻഫ്രാൻസിസ്കോ: ട്വിറ്റർ വാങ്ങാൻ തയ്യാറെന്ന് ആഗോള ശതകോടീശ്വരനും വൈദ്യുത കാർ കമ്പനിയായ ‘ടെസ്ല’യുടെ മേധാവിയുമായ ഇലോൺ മസ്ക്. ഓഹരി ഒന്നിന് 54.20 ഡോളർ നൽകുമെന്നാണ് ഇലോൺ മസ്കിന്റെ വാഗ്ദാനം. മികച്ച വില തന്നെയാണ് താൻ നിർദ്ദേശിക്കുന്നത്. തന്റെ ആവശ്യം അംഗീകരിക്കണമെന്നും മസ്ക് ട്വിറ്റർ ചെയർമാനോട് ആവശ്യപ്പെട്ടു.
ട്വിറ്ററിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അംഗമാകാനില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മസ്ക് കമ്പനിക്ക് വിലപറഞ്ഞത്. തന്റെ ഓഫർ ഏറ്റവും മികച്ചതും അവസാനത്തേതുമാണെന്നും അത് സ്വീകരിച്ചില്ലെങ്കിൽ ഒരു ഓഹരിയുടമ എന്ന നിലയിലുള്ള തന്റെ സ്ഥാനം പുനഃപരിശോധിക്കണമെന്നും ട്വിറ്റർ ചെയർമാന് അയച്ച കത്തിൽ മസ്ക് വ്യക്തമാക്കി.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരി ഇദ്ദേഹം സ്വന്തമാക്കിയിരുന്നു. ഇതോടെ മസ്ക് ട്വിറ്ററിന്റെ ഡയറക്ടർ ബോർഡിന്റെ ഭാഗമാകുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ പിന്നീട് മസ്ക് വിസമ്മതിച്ചതായി ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ വ്യക്തമാക്കി. എന്തുകൊണ്ടാണ് അവസാന നിമിഷം പിൻമാറിയതെന്ന് ചോദ്യങ്ങൾ ഉയർന്നിരുന്നെങ്കിലും വ്യക്തമായ ഉത്തരം ട്വിറ്റർ വെളിപ്പെടുത്തിയിരുന്നില്ല.
ട്വിറ്റർ എഡിറ്റ് ബട്ടൺ സംബന്ധിച്ചും ബോർഡിൽ എത്തിയാൽ ചെയ്യേണ്ട പല പരിഷ്കാരങ്ങളെ കുറിച്ചും മസ്ക് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ട്വിറ്ററിനെതിരെ വിമർശനം ഉന്നയിച്ച് കൊണ്ടും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. മസ്ക് ഡയറക്ടേഴ്സ് ബോർഡിൽ വരുന്നതിനെതിരെ കമ്പനിയുടെ ഉള്ളിൽ നിന്ന് തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മസ്കിന്റെ വിചിത്രമായ ആശയങ്ങൾ ആയിരുന്നത്രേ അതിന് കാരണം. ഇതിന് പിന്നാലെയാണ് കമ്പനി സ്വന്തമാക്കാൻ ഒരുങ്ങി മസ്ക് രംഗത്തെത്തിയത്.
Most Read: അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ഇന്ത്യക്കും ആശങ്ക; പ്രതികരിച്ച് എസ് ജയശങ്കർ








































