തിരുവനന്തപുരം: കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനം. പൊതു ഇടങ്ങളില്‍ പരിശോധനാ കിയോസ്‌കുകള്‍ (KIOSK) സ്‌ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മണം തിരിച്ചറിയുന്നുണ്ടോ എന്ന പരിശോധനയാണ് കിയോസ്‌കുകളില്‍ ആദ്യം നടത്തുക.
അതിന് ശേഷം സര്‍ക്കാര്‍ നിരക്കില്‍ ആന്റിജന്‍ പരിശോധന നടത്താം. സര്‍ക്കാര്‍ അംഗീകൃത ലാബുകള്‍, ഐ.സി.എം.ആര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍, ആശുപത്രി വികസന സമിതികള്‍ എന്നിവക്ക് സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്‌ത് കിയോസ്‌കുകള്‍ തുടങ്ങാം. ജില്ല മെഡിക്കല്‍ ഓഫീസര്‍ക്കാണ് ഇതിന്റെ പൂര്‍ണ ചുമതല.
കോവിഡ് ആശുപത്രികളില്‍ ചികില്‍സയിലുള്ള പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കോവിഡ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും നിലവില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. കോവിഡ് ബോര്‍ഡിന്റെ നിര്‍ദേശാനുസരണം സൂപ്രണ്ടുമാര്‍ പരിചരണം ഉറപ്പാക്കാനുള്ള ക്രമീകരണം നടത്തേണ്ടതാണെന്നും മന്ത്രി വ്യക്‌തമാക്കി.
Reda Also: വാട്സ്ആപ് സേവനങ്ങള്‍ ചില ഫോണുകളില്‍ അവസാനിപ്പിക്കുന്നതായി ഫേസ്ബുക്ക്
കൂട്ടിരിക്കുന്ന ആള്‍ പൂര്‍ണ ആരോഗ്യമുള്ള ആളായിരിക്കണം. രോഗിയുടെ അവസ്‌ഥയും സഹായത്തിന്റെ സാഹചര്യവും മനസ്സിലാക്കിയാകും കൂട്ടിരിപ്പുകാരെ അനുവദിക്കുക. കൂട്ടിരിക്കുന്നയാള്‍ നേരത്തെ കോവിഡ് പോസിറ്റീവ് ആയ വ്യക്‌തിയാണെങ്കില്‍, നെഗറ്റീവ് ആയി ഒരു മാസം കഴിഞ്ഞിരിക്കണം. ഒപ്പം രേഖാമൂലമുള്ള സമ്മതം നല്‍കിയിരിക്കണം. കൂട്ടിരിക്കുന്ന ആള്‍ക്ക് പിപിഇ കിറ്റ് നല്‍കുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു.







































