പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേര്‍ പിടിയില്‍. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഇഖ്ബാൽ, ഗൂഢാലോചനയിൽ പങ്കെടുത്ത ഫയാസ് എന്നിവരെയാണ് കസ്‌റ്റഡിയില്‍ എടുത്തത്. കൊലയാളി സംഘത്തിലെ മറ്റ് അഞ്ചുപേരെ കുറിച്ചും കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഐജി അശോക് യാദവ് പറഞ്ഞു.
അതേസമയം, കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തില്‍ പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്‌ഞ ഏപ്രിൽ 24 വരെ നീട്ടി ജില്ലാ കളക്‌ടർ ഇന്നലെ ഉത്തരവിട്ടിരുന്നു. ഏപ്രിൽ 16ന് പ്രഖ്യാപിച്ച നിരോധനാജ്‌ഞയാണ് ഇപ്പോൾ നീട്ടിയത്.
നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്‌ഞ പിന്‍വലിക്കാവുന്ന സാഹചര്യം ജില്ലയില്‍ എത്തിയിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണ് നീട്ടുന്നത്. ഇതുപ്രകാരം പൊതുസ്‌ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്‌ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല.
ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രാ നിയന്ത്രണവും തുടരും. ആർഎസ്എസ് – പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കൊലപാതകത്തെ തുടർന്നാണ് ജില്ലയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്.
Most Read: ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; കൊച്ചിയിൽ പിടികൂടി







































