മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി നടത്തിയ സ്ഥലപരിശോധന നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് മുടങ്ങി. റൺവേയുടെ കിഴക്കുഭാഗത്ത് പാലക്കാപ്പറമ്പിലെ പരിശോധനയാണ് മുടങ്ങിയത്. വിമാനത്താവള ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജയജോസ് രാജിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച 10 മണിയോടെയാണ് സംഘം പരിശോധനക്കായി സ്ഥലത്തെത്തിയത്.
സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചതോടെ പരിശോധന നടത്താതെ സംഘം മടങ്ങി. റൺവേയുടെ രണ്ടറ്റങ്ങളിലും റിസ വിപുലീകരിക്കുന്നതിനായി 18.5 ഏക്കറാണ് ഏറ്റെടുക്കുന്നത്. കിഴക്കുഭാഗത്ത് പാലക്കാപറമ്പിൽ ഏറ്റെടുക്കുന്ന 7.5 ഏക്കർ ഭൂമി സംബന്ധിച്ച് പ്രാഥമിക പരിശോധനക്കാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്.
ഉദ്യോഗസ്ഥരുടെ സന്ദർശനമറിഞ്ഞ് നാട്ടുകാർ സംഘടിക്കുകയായിരുന്നു. ജനപ്രതിനിധികളെ ഉദ്യോഗസ്ഥർ വിളിച്ചെങ്കിലും വിട്ടുനിന്നു. ഭൂമി ഏറ്റെടുക്കുന്നതു മൂലമുള്ള പ്രയാസങ്ങളും പ്രതിസന്ധികളും സമരസമിതി നേതാക്കൾ ഉദ്യോഗസ്ഥരെ അറിയിച്ചു.
നേരത്തേ ഏറ്റെടുത്ത ഭൂമി ഉപയോഗപ്രദമാക്കാതെ പ്രദേശവാസികളെ കുടിയിറക്കുന്നത് അംഗീകരിക്കില്ലെന്ന് നേതാക്കൾ പറഞ്ഞു. സ്പെഷ്യൽ തഹസിൽദാർ മഹ്മൂദ് നെച്ചിമണ്ണിൽ, വില്ലേജ് ഓഫിസർ അച്യുതൻ, വിമാനത്താവള അതോറിറ്റി ജീവനക്കാർ, സർവേ ഉദ്യോഗസ്ഥർ എന്നിവരടങ്ങിയവരാണ് പരിശോധനക്ക് എത്തിയത്.
റൺവേയുടെ പടിഞ്ഞാറ് ഭാഗത്ത് പള്ളിക്കൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഭാഗത്ത് കഴിഞ്ഞദിവസം പരിശോധന നടന്നിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് ചെമ്പൻ മുഹമ്മദാലിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥ സംഘവും പ്രാദേശിക ജനകീയ പ്രതിനിധികളും ഭൂവുടമകളും ഇവിടെ പരിശോധനയിൽ പങ്കെടുത്തു.
Most Read: ബലാൽസംഗ ആരോപണം നിഷേധിച്ച് വിജയ് ബാബു; പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി






































