കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുക്കൽ പൂർത്തിയായി. ദിലീപുമായുള്ള വൈദികന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഫാ.വിക്‌ടറിന്റെ മൊഴി എടുത്തത്. അതിനിടെ, സംവിധായകൻ ബാലചന്ദ്രകുമാറിനായി പണം ആവശ്യപ്പെട്ടെന്ന ദിലീപിന്റെ ആരോപണം വൈദികൻ നിഷേധിച്ചു.
പല ആവശ്യങ്ങൾക്കായി ദിലീപിന്റെ വീട്ടിൽ പോയിട്ടുണ്ടെന്നും, എന്നാൽ പണം ആവശ്യപ്പെട്ടില്ലെന്നുമാണ് വൈദികൻ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരിക്കുന്നത്. ആലുവ പോലീസ് ക്ളബിൽ എത്തിയാണ് വൈദികൻ മൊഴി നൽകിയത്. ദിലീപിന് ജാമ്യം ലഭിച്ച ശേഷം ഫാ. വിക്‌ടർ ദിലീപിനെ കണ്ടിരുന്നു. ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ടത് ഫാ. വിക്‌ടർ മുഖേനെയാണെന്നാണ് ദിലീപിന്റെ ആരോപണം.
നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിയെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ടതായി ദിലീപ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. ബാലചന്ദ്രകുമാറിന് 10 ലക്ഷം രൂപ നൽകിയെന്ന് ദിലീപ് അന്വേഷണ ഉദ്യോഗസ്‌ഥർക്ക് മൊഴി നൽകിയിരുന്നു. ബാലചന്ദ്രകുമാറിന് വിശ്വാസ്യതയില്ലെന്ന് ദിലീപ് പൊലീസിനോട് പറഞ്ഞു. ബാലചന്ദ്രകുമാറുമായി നടത്തിയ വാട്‌സ്ആപ് ചാറ്റിന്റെ പകർപ്പ് പ്രതിരോധമാക്കിയായിരുന്നു ദിലീപിന്റെ മൊഴി.
ഇതിന് പിന്നാലെ ജനുവരി 23ന് തന്നെ വാർത്ത തള്ളി നെയ്യാറ്റിൻകര രൂപത നേരിട്ട് രംഗത്ത് വന്നു. ദിലീപുമായോ ബാലചന്ദ്രകുമാറുമായോ ബന്ധമില്ലെന്ന് നെയ്യാറ്റിൻകര രൂപതാ വക്‌താവ് വ്യക്‌തമാക്കിയിരുന്നു. അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും രൂപതയുടെ വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു. ഈ ആരോപണങ്ങളിൽ ഉള്ള സത്യാവസ്‌ഥയാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്.
Most Read: എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 65 വർഷം തടവും പിഴയും വിധിച്ചു







































