കൽപറ്റ: ആളൊഴിഞ്ഞ സ്‌ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കാൻ എത്തുന്നവരെ പിടികൂടാൻ ക്യാമറകൾ സ്‌ഥാപിച്ച് കൽപറ്റ നഗരസഭ. പരാതികൾ വ്യാപകമായതിനെ തുടർന്നാണ് നടപടി. വിവിധയിടങ്ങളിലായി അഞ്ച് പേരെയാണ് ഒരാഴ്‌ചക്കിടെ ക്യാമറകൾ പിടികൂടിയത്.
ഇവർക്കെതിരെ കനത്ത പിഴ ചുമത്തുകയും താക്കീത് നൽകി വിട്ടയക്കുകയും ചെയ്‌തിരുന്നു. നാല് പോർട്ടബിൾ ക്യാമറകളാണ് നഗരസഭ വാങ്ങിയത്. അമ്പിലേരിയിൽ ഗുഡ്‌സ് ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന് മാലിന്യം തള്ളാനെത്തിയ ആൾ ഉൾപ്പടെ അഞ്ചുപേരുടെ ദൃശ്യങ്ങളാണ് കിട്ടിയത്. പകൽ മാലിന്യം തള്ളിയ ആളുടെ ദൃശ്യവും ലഭിച്ചിട്ടുണ്ട്. മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടായിട്ടും പതിവായി മാലിന്യം തള്ളുന്നതായി കണ്ടെത്തിയ സ്‌ഥലങ്ങളും പരാതികൾ കിട്ടിയ സ്‌ഥലങ്ങളിലുമാണ് ആദ്യം ക്യാമറകൾ സ്‌ഥാപിച്ചത്.
പരാതി കിട്ടുന്നതനുസരിച്ച് ഏത് സ്‌ഥലങ്ങളിലേക്കും ക്യാമറകൾ മാറ്റി സ്‌ഥാപിക്കാൻ കഴിയുമെന്നതിനാൽ വരുംദിവസങ്ങളിലും ഒട്ടേറെ പേരെ പിടികൂടാനാകുമെന്നാണ് കരുതുന്നത്. ഒറ്റനോട്ടത്തിൽ കാണാൻ കഴിയാത്ത വിധത്തിലാണ് ക്യാമറകൾ സ്‌ഥാപിക്കുന്നത്. ഇതിൽ പതിയുന്ന ദൃശ്യങ്ങൾ അപ്പോൾ തന്നെ നഗരസഭാ അധികൃതരിലേക്ക് എത്തും. ദൃശ്യം പരിശോധിച്ച് നഗരസഭയുടെ ആരോഗ്യവിഭാഗമാണ് നടപടി സ്വീകരിക്കുന്നത്.
മാലിന്യത്തിന്റെ അളവ് അനുസരിച്ചാണ് നിലവിൽ പിഴ ഈടാക്കുന്നത്. ഇതിനായി പ്രത്യേകം ഉദ്യോഗസ്‌ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്‌ത് മാലിന്യം വലിച്ചെറിയുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഹെൽത്ത് ഇൻസ്‌പെക്‌ടർ ഷൈജു അറിയിച്ചു.
വെള്ളാരംകുന്ന്, ബൈപ്പാസ് എന്നിവിടങ്ങളിലും ക്യാമറകൾ സ്‌ഥാപിക്കും. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ സഹായത്തോടെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങളെ ബോധവൽകരിക്കുന്നതിനൊപ്പം തന്നെ നിയമം ലംഘിക്കുന്നവരെ കണ്ടെത്തി കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
Most Read: ‘താജ്‌മഹല്‍ ഹിന്ദുക്ഷേത്രം’; വീണ്ടും വിവാദ വാദമുയത്തി പരമഹംസ് ആചാര്യന്‍









































