മലപ്പുറം: സന്തോഷ് ട്രോഫി കലാശപ്പോര് ഇന്ന്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വൈകീട്ട് എട്ടിന് നടക്കുന്ന ഫൈനലിൽ പശ്ചിമ ബംഗാളാണ് കേരളത്തിന്റെ എതിരാളികൾ. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരള ടീം ബൂട്ടുകെട്ടുന്നത്. 1973, 1992, 1993, 2001, 2004, 2018 വർഷങ്ങളിലായിരുന്നു കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീട നേട്ടങ്ങൾ. കേരളത്തിന്റെ 15ആം ഫൈനലാണിത്. മറുവശത്ത് ബംഗാൾ നേട്ടങ്ങളിൽ ബഹുദൂരം മുന്നിലാണ്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ബംഗാളിന്റെ 46ആം ഫൈനലാണ് ഇത്തവണത്തേത്.
32 തവണ അവർ ജേതാക്കളുമായി. സന്തോഷ് ട്രോഫി ഫൈനലിൽ ഇതുവരെ കേരളവും ബംഗാളും മൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 1989, 1994 വർഷങ്ങളിലെ കലാശപ്പോരിൽ ബംഗാളിനായിരുന്നു വിജയം. അതേസമയം 2018ൽ നടന്ന ഫൈനലിൽ ബംഗാളിനെ അവരുടെ മൈതാനത്തുവെച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് കേരളം കിരീടം ചൂടിയത്. നിലവിൽ കേരള ഗോൾകീപ്പറായ വി മിഥുനാണ് അന്ന് കേരളത്തിന്റെ ഹീറോയായത്.
സെമിയിൽ കർണാടകക്കെതിരെ തകർപ്പൻ ജയം നേടിയാണ് കേരളം കലാശപ്പോരിന് ടിക്കറ്റെടുത്തത്. ടൂർണമെന്റിൽ ഇതുവരെ കേരളം തോൽവിയറിഞ്ഞിട്ടില്ല. മേഘാലയക്കെതിരെ സമനിലയിൽ പിരിഞ്ഞ മൽസരമൊഴികെയെല്ലാം ടീം ജയിച്ചുകയറി. മുന്നേറ്റത്തിലെ മികവ് തന്നെയാണ് കേരളത്തിന്റെ കരുത്ത്. ക്യാപ്റ്റൻ ജിജോ ജോസഫും അർജുൻ ജയരാജും മുഹമ്മദ് റാഷിദും അടങ്ങുന്ന മധ്യനിര ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച സംഘമാണ്.
സൂപ്പർ സബ്ബായി എത്തുന്ന യുവതാരം ടികെ ജെസിനും പിഎൻ നൗഫലും തകർപ്പൻ പ്രകടനം പുറത്തെടുക്കുന്നത് കേരളത്തിന് ഏറെ ആത്മവിശ്വാസം നൽകുന്ന ഘടകമാണ്. സെമിയിൽ 30ആം മിനിറ്റിൽ പകരക്കാരനായെത്തി അഞ്ചു ഗോൾ നേടി ഞെട്ടിച്ച ജെസിൻ, ഇന്ന് ആദ്യ ഇലവനിൽ എം വിഖ്നേഷിന് പകരമെത്താനും സാധ്യതയുണ്ട്.
Read Also: പ്രധാനമന്ത്രി യൂറോപ്പിലേക്ക്; ഫ്രാൻസ്, ഡെൻമാർക്ക്, ജർമനി എന്നീ രാജ്യങ്ങൾ സന്ദർശിക്കും






































