പാലക്കാട്: ചൂട് കൂടിയതോടെ പാലക്കാട്ടെ കർഷകർക്ക് കടുത്ത പ്രതിസന്ധി. കൊയ്‌തെടുത്ത നെല്ലിന്റെ ഈർപ്പം വലിഞ്ഞതോടെ തൂക്കം കുറഞ്ഞു. ഒരേക്കർ ഭൂമിയിൽ കൃഷി ചെയ്‌ത കർഷകന് മൂവായിരം രൂപയിലധികമാണ് ഇതോടെ നഷ്‌ടമായത്.
നാൽപതിനായിരം ഹെക്‌ടറിലാണ് പാലക്കാട് രണ്ടാംവിള കൃഷിയിറക്കിയത്. കൊയ്‌ത്ത് കഴിഞ്ഞ് സപ്‌ളൈക്കോ നെല്ല് സംഭരിച്ചപ്പോഴാണ് കർഷകർ കടുത്ത വേനലുണ്ടാക്കിയ പ്രതിസന്ധിയുടെ ചൂട് ശരിക്കുമറിഞ്ഞത്. ഏക്കറിന് രണ്ടായിരത്തി ഇരുന്നൂറിലേറെ കിലോ നെല്ല് കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഇതിൽ താഴെ മാത്രം നെല്ലാണ് കിട്ടിയത്. 17 ശതമാനം ഉണക്കാണ് മില്ലുകൾ ആവശ്യപ്പെടുന്നത്. ചൂടിൽ ഈർപ്പം കുറഞ്ഞ് ഉണക്ക് 14 ശതമാനമായി.
ഒരു ചാക്കിൽ രണ്ട് കിലോയിലേറെ നെല്ല് അധികം നൽകേണ്ടി വന്നു. ഒന്നാംവിള മഴ കൊണ്ടുപോയ കർഷകർ ഇതോടെ ശരിക്കും ദുരിതത്തിലായിരിക്കുകയാണ്.
Most Read: ഷവർമ വിറ്റ കൂൾബാറിന് ലൈസൻസില്ല; ഉടമയും ജീവനക്കാരനും അറസ്‌റ്റിൽ







































