കല്ലാംകുഴി ഇരട്ടക്കൊല; ലീഗ് നേതൃത്വം നിലപാട് വ്യക്‌തമാക്കണം -കേരള മുസ്‌ലിം ജമാഅത്ത്

പ്രതികൾക്ക് വേണ്ടി മുസ്‌ലിം ലീഗ് ഇടപെട്ടിട്ടുണ്ടെന്നും സംഘട്ടനമുണ്ടാകുമ്പോള്‍ കൊല്ലപ്പെടുക സ്വാഭാവികമാണെന്നും കോടതിയുടേത് അന്തിമ വിധിയല്ലെന്നും ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ക്ക് വേണ്ടി നിയമസഹായം ചെയ്യുന്നത് സ്വാഭാവിക സംഭവമാണെന്നും ലീഗ് സംസ്‌ഥാന സെക്രട്ടറി പിഎംഎ സലാം ജിദ്ദയിൽ പറഞ്ഞിരുന്നു.

By Central Desk, Malabar News
Kerala Muslim Jamaath on Kallamkuzhi double murder
Ajwa Travels

മലപ്പുറം: കല്ലാംകുഴിയിലെ നിരപരാധികളായ രണ്ട് സുന്നി പ്രവർത്തകരെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ പ്രതികളെ ഇനിയും സംരക്ഷിക്കുമെന്ന ലീഗ് ആക്‌ടിംഗ്‌ ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പരസ്യ പ്രതികരണത്തിൽ സംസ്‌ഥാന പ്രസിഡണ്ട് നിലപാട് വ്യക്‌തമാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപെട്ടു.

കേസിലെ 25 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയും കൊല്ലപ്പെട്ട സഹോദരങ്ങളുടെ കുടുംബങ്ങൾക്ക്, പ്രതികൾ 50,000 രൂപ നഷ്‌ടപരിഹാരം നൽകണമെന്നും പാലക്കാട് നാലാം അഡീഷനൽ സെഷൻസ് കോടതി 2022 മെയ് 16ന് വിധിച്ചിരുന്നു. ഈ കേസിൽ പ്രതികൾക്ക് മേൽകോടതികളിലും മറ്റും ആവശ്യമായ നിയമസഹായം ഉൾപ്പടെയുള്ളവ ഉറപ്പാക്കുമെന്ന് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം സൗദിയിലെ ജിദ്ദയിൽ പത്രസമ്മേളനത്തിൽ പരസ്യമായി പറഞ്ഞു എന്നാണ് കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വം ചൂണ്ടികാണിക്കുന്നത്.

ഇതുവരെ ലീഗ് നേതൃത്വം അവകാശപ്പെട്ടിരുന്നത് അരുംകൊല നടത്തിയവരെ സഹായിക്കില്ല, സഹായിച്ചിട്ടില്ല എന്നാണ്. എന്നാൽ, ലീഗിന്റെ ജനറൽ സെക്രട്ടറി പരസ്യമായി ‘പ്രതികളെ ഇനിയും സഹായിക്കും’ എന്നനിലപാടാണ് എടുത്തിരിക്കുന്നത്. ലീഗിന്റെ എംഎൽഎ ശംസുദ്ദീൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത്‌ വഴിവിട്ട സഹായങ്ങൾ പ്രതികൾക്ക് നൽകിയതായും വാർത്തയുണ്ട്. രണ്ടു മനുഷ്യജീവിതങ്ങളെ അരുംകൊല ചെയ്‌ത ക്രിമിനലുകളെ സംരക്ഷിക്കുന്ന എംഎൽഎയുടെയും സലാമിന്റെയും പ്രവർത്തികളിൽ ലീഗ് നേതൃത്വം നിലപാട് വ്യക്‌തമാക്കണം -കേരള മുസ്‌ലിം ജമാഅത്ത് പറഞ്ഞു.

അതീവ ക്രൂരമായ ഈ കൊലപാതകങ്ങളെ തള്ളിപ്പറയാനും സംഘടനാപരമായി അച്ചടക്ക നടപടി സ്വീകരിക്കാനും തയ്യാറാകാത്തത് എത്രമാത്രം ഭീകരമാണെന്ന് ലീഗ് തിരിച്ചറിയണം. സമുദായത്തിന്റെ അഭിമാനകരമായ അസ്‌തിത്വം തുടർന്നും ഈ രൂപത്തിലാണോ ലീഗ് സംരക്ഷിക്കാൻ ഒരുങ്ങുന്നതെന്ന് നേതൃത്വം വിശദീകരിക്കണം -കമ്മിറ്റി ആവശ്യപ്പെട്ടു.

Kerala Muslim Jamaath on Kallamkuzhi double murder

പാലക്കാട് ജില്ലാ കോടതി കുറ്റവാളികളെന്ന് വിധി പ്രസ്‌താവിച്ചവരെ പരസ്യമായി ന്യായികരിക്കുകയും അക്രമങ്ങൾക്ക് പ്രോൽസാഹനം നൽകുകയും ചെയ്യുന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് പ്രാകൃതരെ പോലും നാണിപ്പിക്കുന്ന നീക്കമാണ്. ഇതിനെതിരെ മുഴുവൻ മനുഷ്യ സ്‌നേഹികളും രംഗത്തുവരണമെന്നും മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു.

ആയുധവും അക്രമവും ഉപേക്ഷിച്ച് ആശയ സംവാദത്തിന്റെ വഴി സ്വീകരിക്കാൻ എല്ലാവരും തയ്യാറാവണം, പരസ്‌പരം വെട്ടിയും കൊന്നും പ്രവർത്തിക്കുന്ന എല്ലാവർക്കും ഈ ശിക്ഷാവിധി പാഠമാകണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി പറഞ്ഞു.

Kerala Muslim Jamaath on Kallamkuzhi double murder

മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴിയിൽ 2013 നവംബര്‍ 20ന് രാത്രി ഒമ്പതിനാണ് പള്ളത്ത് വീട്ടിൽ കുഞ്ഞുഹംസ (48), മദ്രസാ അധ്യാപകനായ സഹോദരൻ നൂറുദ്ദീൻ (42) എന്നിവർ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. എപി വിഭാഗം സുന്നി സംഘടനാ പ്രവർത്തകരായിരുന്ന ഈ സഹോദരങ്ങൾ പ്രദേശത്ത് നീണ്ടകാലം നടത്തിയ സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളും വിവിധ ഇടപെടലുകളും ഇവരുടെ പ്രാദേശിക സ്വാധീനം വളർത്തിയിരുന്നു.

ഈ വളർച്ചയും പ്രദേശത്തെ ജനങ്ങൾക്കിടയിലുള്ള ഇവരുടെ വർധിച്ചുവരുന്ന സ്വാധീനവും കാഞ്ഞിരപ്പുഴ മേഖലയിൽ ലീഗിനുണ്ടായിരുന്ന അപ്രമാദിത്വം കുറഞ്ഞുവരാൻ കാരണമായി. സ്‌ഥിരതയുള്ള ഇവരുടെ പ്രാദേശിക സ്വാധീന വളർച്ച തുടർന്നാൽ, ലീഗിന്റെ തകർച്ചക്ക് അത് കരണമായേക്കുമെന്ന് ഭയപ്പെട്ട ലീഗണികളും നേതാക്കളും ആസൂത്രിതമായി, അലോസരങ്ങൾ സൃഷ്‌ടിക്കുകയും അതിന്റെ തുടർച്ചയായി നടപ്പിലാക്കിയതുമാണ് ഈ സഹോദരങ്ങളുടെ ക്രൂരമായ കൊലപാതകം. -കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വം വിശദീകരിച്ചു.

Kerala Muslim Jamaath on Kallamkuzhi double murder

പ്രസിഡണ്ട് കുറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി അധ്യക്ഷത വഹിച്ചു. പിഎം മുസ്‌തഫ കോഡൂർ, എംഎൻ കുഞ്ഞഹമ്മദ് ഹാജി, സികെയു മൗലവി മോങ്ങം,വടശ്ശേരി ഹസൻ മുസ്‍ലിയാർ, ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, കെകെഎസ് തങ്ങൾ പെരിന്തൽമണ്ണ, സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി, പികെഎം സഖാഫി ഇരിങ്ങല്ലൂർ, പിഎസ്‌കെ ദാരിമി എടയൂർ, അലവിക്കുട്ടി ഫൈസി എടക്കര, പികെ മുഹമ്മദ് ബശീർ, കെപി ജമാൽ കരുളായി, മുഹമ്മദ് മുന്നിയൂർ, എ അലിയാർ കക്കാട് എന്നിവർ ജില്ലാ കമ്മിറ്റിയിൽ സംബന്ധിച്ചു.

Most Read: ഗ്യാന്‍വാപിക്ക് പിന്നാലെ കുത്തബ് മിനാറിനെ ലക്ഷ്യമിട്ട് ഹിന്ദുത്വ വാദികള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE