ഗ്യാന്‍വാപിക്ക് പിന്നാലെ കുത്തബ് മിനാറിനെ ലക്ഷ്യമിട്ട് ഹിന്ദുത്വ വാദികള്‍

By News Bureau, Malabar News
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്ത് സ്‌മാരകങ്ങളെ ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷമാകുന്നു. ചരിത്ര സ്‌മാരകമായ കുത്തബ് മിനാറില്‍ നിന്നും ഹിന്ദു വിഗ്രഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട് പുറത്തുവന്നു. 1200 വര്‍ഷം പഴക്കമുള്ള നരസിംഹ ഭഗവാന്റെ വിഗ്രഹമാണ് കണ്ടെത്തിയതെന്നും കുത്തബ് മിനാറിനോട് ചേര്‍ന്ന് സ്‌ഥിതി ചെയ്യുന്ന ഖുവ്വത്തുല്‍ ഇസ്‌ലാം മസ്‌ജിദിന്റെ മൂന്ന് തൂണുകളിലൊന്നില്‍ കൊത്തി വച്ച നിലയിലാണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയതെന്നുമാണ് റിപ്പോര്‍ട്. എന്നാൽ സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക മറുപടി ലഭിച്ചിട്ടില്ല.

ഇതോടെ രാജ്യത്തെ മുസ്‌ലിം വിഭാഗത്തിന്റെ ചരിത്രം വ്യക്‌തമാക്കുന്ന സ്‌മാരകം വീണ്ടും വിവാദച്ചുഴിയിലായി. എട്ട്- ഒമ്പത് നൂറ്റാണ്ടുകളില്‍ പ്രതിഹാര രാജാക്കൻമാരുടേയോ, രാജ അനംഘ്പാലിന്റെയോ ഭരണകാലത്ത് നിര്‍മിച്ചതാകാം ശില്‍പങ്ങള്‍ എന്നാണ് നിഗമനം. നാരസിംഹന്റേയും ശിഷ്യനായ പ്രഹ്ളാദന്റേയും ശില്‍പങ്ങളാണ് കണ്ടെത്തിയത്.

യുനെസ്‌കോ അംഗീകരിച്ച പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ട ചരിത്ര സ്‌മാരകമാണ് കുത്തബ് മിനാര്‍. ഡെല്‍ഹി സുല്‍ത്താനേറ്റിന്റെ ആദ്യ രാജാവായ മുഗള്‍ ഭരണാധികാരി കുത്തബുദ്ദീന്‍ ഐബക് ആണ് കുത്തബ് മിനാര്‍ പണികഴിപ്പിച്ചത്. 1199ലായിരുന്നു കുത്തബ് മിനാറിന്റെ നിര്‍മാണം.

അതേസമയം ഇപ്പോൾ കണ്ടെടുത്ത ശിൽപങ്ങൾക്ക് ഏകദേശം 1200 വര്‍ഷം പഴക്കമുണ്ടാകുമെന്ന് പുരാവസ്‌തു ഗവേഷണ വിഭാഗം വ്യക്‌തമാക്കി. ഇതിനിടെ കുത്തബ് മിനാറില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സര്‍വേ നടപടികള്‍ സ്വീകരിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ജില്ലാ കോടതിയില്‍ ആവശ്യമുന്നയിച്ചു. വിഗ്രഹത്തില്‍ ആരാധന നടത്താന്‍ അനുമതി നല്‍കണമെന്നും സംഘം കോടതിയില്‍ ആവശ്യപ്പെട്ടു.

വടക്കേ ഇന്ത്യയിലെ ഏറ്റവും പുരാതനമായ പള്ളിയാണ് ഖുവ്വത്തുല്‍ ഇസ്‌ലാം മസ്‌ജിദ്‌. കുത്തബ് മിനാര്‍ നിര്‍മിച്ച കാലം മുതല്‍ മസ്‌ജിദിന്റെ തൂണുകളിലുള്ള ശില്‍പങ്ങളെ ചൊല്ലി നിലവില്‍ വിവാദങ്ങള്‍ സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്നത് സംഘപരിവാറിന്റെ അജണ്ടയാണെന്നും ആരോപണമുണ്ട്.

സമീപകാലത്ത് മുഗള്‍ ചക്രവര്‍ത്തിമാര്‍ പിടിച്ചെടുത്ത ഹിന്ദു ക്ഷേത്രങ്ങളെ തിരിച്ചുപിടിക്കണമെന്ന ആവശ്യവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവരുന്നുണ്ട്. നേരത്തെ കുത്തബ് മിനാറിന്റെ പേര് മാറ്റി ‘വിഷ്‌ണു സ്‌തംഭ്’ എന്നാക്കണമെന്ന ആവശ്യവുമായി വലതുപക്ഷ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. നേരത്തെ കുത്തബ് മിനാറില്‍ നിന്നും ഗണേഷ് വിഗ്രഹവും കൃഷ്‌ണന്റെ വിഗ്രഹവും കണ്ടെത്തിയിരുന്നു.

ഈ വര്‍ഷമാദ്യം വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) വക്‌താവ് വിനോദ് ബന്‍സാല്‍ കുത്തബ് മിനാര്‍ യഥാര്‍ഥത്തില്‍ ‘വിഷ്‌ണു സ്‌തംഭ്’ ആണെന്ന് അവകാശപ്പെട്ടിരുന്നു. 27 ഹിന്ദു-ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്ത് ലഭിച്ച വസ്‌തുക്കള്‍ ഉപയോഗിച്ചാണ് സ്‌മാരകം നിര്‍മിച്ചെതന്നും ആരോപിച്ചിരുന്നു.

ഇതിനിടെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയു‌ടെ മുന്‍ ഉദ്യോഗസ്‌ഥൻ മറ്റൊരു അവകാശവാദവുമായി രംഗത്തെത്തി. അഞ്ചാം നൂറ്റാണ്ടില്‍ വിക്രമാദിത്യ രാജാവ് സൂര്യനെ നിരീക്ഷിക്കാനായി പണിതതാണ് കുത്തബ് മിനാറെന്നാണ് വാദം. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) മുൻ റീജിയണൽ ഡയറക്‌ടർ ധരംവീർ ശർമയാണ് ഇക്കാര്യം പറഞ്ഞ് രംഗത്തെത്തിയത്. കുത്തബ് മിനാർ നിർമ്മിച്ചത് രാജ വിക്രമാദിത്യനാണെന്നും കുത്തബ് അൽ-ദിൻ ഐബക്കല്ല എന്നുമാണ് പറയുന്നത്.

Most Read: രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളന് മോചനം; വിടുതൽ 32 വർഷങ്ങൾക്ക് ശേഷം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE