നീലേശ്വരം : കാലവർഷമെത്താൻ ദിവസങ്ങൾ ബാക്കിനിൽക്കെ ചാലിന്റെ കരയിടിച്ച് ഭൂവസ്‌ത്രം വിരിക്കൽ പദ്ധതി. നീലേശ്വരം പുഴയുടെ കൈവഴിയായ മാനൂരിചാലിലാണ് പ്രദേശത്തെ മരങ്ങൾ മുറിച്ചും വലിയ തിട്ടകൾ പോലെ മണ്ണെടുത്തും അശാസ്‌ത്രീയമായ പ്രവർത്തനം. ഇതിനെതിരേ നാട്ടുകാരും പരിസ്‌ഥിതി പ്രവർത്തകരും രംഗത്തുവന്നിട്ടുണ്ട്. കിനാനൂർ- കരിന്തളം, മടിക്കൈ എന്നീ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന ചാലിൽ ചേലക്കാട്ട് മുതൽ മുങ്ങത്ത് മുടുപ്പ് ഭാഗങ്ങളിലാണ് ഒരുമാസമായി പണി നടക്കുന്നത്.
ഇവിടങ്ങളിലെ ജനങ്ങൾ ഈ ചാലിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. മഴക്കാലമായാൽ ചാൽ കരകവിഞ്ഞ് തൊട്ടടുത്ത പറമ്പുകളിലേക്കും ചുരുക്കംചില വീടുകളിലും വെള്ളംകയറുന്നത് പതിവാണ്. ഈ ഭാഗത്താണ് വലിയരീതിയിൽ കരയോടുചേർന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണെടുത്തിട്ടുള്ളത്. കുറച്ചുദിവസമായി പെയ്‌ത മഴയിൽ തന്നെ മണ്ണിളക്കിയ ഭാഗങ്ങൾ ഇടിഞ്ഞുതുടങ്ങിയിട്ടുണ്ട്. വർഷകാലം കനക്കുന്നതോടെ ഇളക്കിയിട്ട മണ്ണ് കുത്തിയൊലിച്ച് വലിയ കരയിടിച്ചിൽ ഉണ്ടാകുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക. കുളിക്കാനും നനക്കാനും പശുക്കളെ വളർത്താനുമായി ഈ തോടും പരിസരവും ഉപയോഗിച്ചിരുന്ന ആളുകൾക്ക് ഇപ്പോൾ ഇറങ്ങാൻ പറ്റാത്ത രീതിയിൽ വലിയ തിട്ടകളായി പ്രദേശം മാറി.
പദ്ധതിയുടെ ഭാഗമായി മണ്ണൊലിപ്പ് തടയാൻ സഹായിക്കുന്ന തരത്തിലുള്ള കണ്ടൽ വർഗത്തിൽപ്പെടുന്ന ചെടികളും മരങ്ങളും നശിപ്പിച്ചിട്ടാണ് പണിയെന്നും നാട്ടുകാർ പറയുന്നു. തോടിനെ ആശ്രയിച്ച് ജീവിക്കുന്ന സസ്യങ്ങളുടെയും ചെറുജീവികളുടെയും ആവാസവ്യവസ്‌ഥ തകർത്ത് പ്രകൃതിക്ക് വിപരീതമായുള്ള തരത്തിലാണ് നിലവിലെ പ്രവർത്തനമെന്ന് പരിസ്‌ഥിതി പ്രവർത്തകരും വിമർശിക്കുന്നു.
Most Read: വിമാനടിക്കറ്റ് റദ്ദാക്കി; വിജയ് ബാബുവിന്റെ മടങ്ങിവരവിൽ അവ്യക്‌തത






































