ന്യൂഡെൽഹി: 2023ലെ ഏഷ്യൻകപ്പ് ഫുട്ബോളിന് യോഗ്യത ഉറപ്പാക്കാനുള്ള ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. കൊൽക്കത്തയിൽ രാത്രി എട്ടരയ്ക്ക് തുടങ്ങുന്ന കളിയിൽ കംബോഡിയയാണ് എതിരാളികൾ. ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിലെ പതിനൊന്ന് സ്ഥാനങ്ങൾക്കായി പൊരുതുന്നത് ഇന്ത്യയടക്കം 24 ടീമുകളാണ്. ആറ് ഗ്രൂപ്പ് ചാമ്പ്യൻമാരും അഞ്ച് മികച്ച രണ്ടാം സ്ഥാനക്കാരുമാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുക.
പതിമൂന്ന് ടീമുകൾ ഇതിനോടകം ഏഷ്യൻ കപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. ഗ്രൂപ്പ് ഡിയിൽ ഇന്ത്യയുടെ ആദ്യ കടമ്പ കംബോഡിയയാണ്. സഹൽ അബ്ദുൽ സമദും ആഷിക് കുരുണിയനുമാണ് ടീമിലെ മലയാളി സാന്നിധ്യം. പതിവുപോലെ ഇന്ത്യയുടെ പ്രതീക്ഷയത്രയും സുനിൽ ഛേത്രിയുടെ ബൂട്ടുകളിലാണ്. ഗോൾവലയത്തിന് മുന്നിൽ ഗുർപ്രീത് സിംഗ് സന്ധുവിന്റെ പ്രകടനവും നിർണായകമാവും.
സന്ദേശ് ജിംഗൻ, ഹർമ്മൻ ജോത് ഖബ്ര, പ്രീതം കോട്ടാൽ, അൻവർ അലി, രാഹുൽ ബെക്കെ, ലിസ്റ്റൻ കൊളാസോ, ബ്രാണ്ടൻ ഫെർണാണ്ടസ്, അനിരുദ്ധ് ഥാപ്പ, ജിക്സൺ സിംഗ്, ഉദാന്ത സിംഗ് തുടങ്ങിയവരും ടീമിലുണ്ട്. തുടർന്നുള്ള മൽസരങ്ങളിൽ ശനിയാഴ്ച അഫ്ഗാനിസ്ഥാനെയും പതിനാലിന് ഹോങ്കോംഗിനേയും ഇന്ത്യന്‍ ടീം നേരിടും.
Read Also: അൽഖ്വയിദ ഭീഷണി; രാജ്യത്ത് അതീവ ജാഗ്രത










































