തിരുവനന്തപുരം: ചെള്ള് പനി ബാധിച്ച് ഒരാഴ്ചക്കിടെ സംസ്ഥാനത്ത് രണ്ട് മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ജാഗ്രത കർശനമാക്കി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ആരോഗ്യവിഭാഗവും വെറ്റിനറി വിഭാഗവും രോഗം റിപ്പോർട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ സംയുക്തമായി പരിശോധന നടത്തും. സംസ്ഥാനത്ത് ചെള്ള് പനി റിപ്പോർട് ചെയ്യുന്നത് അപൂർവമല്ലെങ്കിലും, ഒരാഴ്ചക്കിടെ രണ്ട് മരണം സംഭവിച്ചതാണ് നിലവിൽ ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നത്.
ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഈ മാസം ഇതുവരെ 15 പേർക്കാണ് ചെള്ള് പനി സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ 132 പേർക്ക് സംസ്ഥാനത്ത് ചെള്ള് പനി ബാധിച്ചിട്ടുണ്ട്. സാധാരണ മലയോര മേഖലകളിലാണ് ചെള്ള് പനി ബാധക്ക് കൂടുതൽ സാധ്യത. പക്ഷേ നഗര മേഖലകളിലേക്കും രോഗം വ്യാപിക്കുന്നതാണ് ആശങ്കക്ക് മറ്റൊരു കാരണം.
തിരുവനന്തപുരം ജില്ലയിലെ വർക്കല സ്വദേശിയായ അശ്വതി, പാറശാല ഐങ്കാമം സ്വദേശി സുബിത എന്നിവരാണ് ഇതുവരെ ചെള്ള് പനിയെ തുടർന്ന് സംസ്ഥാനത്ത് മരണപ്പെട്ടത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി അശ്വതിയുടെ വീട്ടിൽ നിന്നും സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. സുബിതയുടെ വീട്ടിൽ നിന്നും ഉടൻ തന്നെ സാംപിളുകൾ ശേഖരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ചെള്ള് പനി ബാധിച്ചാലും ലക്ഷണങ്ങൾ പ്രകടമാകുന്നതിന് രണ്ടാഴ്ച വരെ സമയമെടുക്കും. അതിനാൽ തന്നെ ലക്ഷണം കണ്ട് തുടങ്ങിയാൽ ചികിൽസ തേടുന്നത് ജീവൻ രക്ഷിക്കുന്നതിൽ നിർണായകമാണ്.
Read also: ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന്; തൃക്കാക്കര തോൽവി പ്രധാന ചർച്ചയായേക്കും





































