തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാൾ കൂടി ചെള്ള് പനി ബാധിച്ച് മരണപ്പെട്ടു. തിരുവനന്തപുരം പാറശാല ഐയ്ങ്കാമം സ്വദേശി സുബിത (38)യാണ് മരിച്ചത്. ചികിൽസക്കിടെ ഇന്ന് രാവിലെയോടെ ആയിരുന്നു മരണം.
പനി ബാധിച്ച സുബിതയെ കഴിഞ്ഞ ആറാം തീയതിയോടെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനി ഉള്‍പ്പടെയുള്ള അസ്വസ്‌ഥതകള്‍ക്കൊപ്പം ഇവർക്ക് ശ്വാസതടസവും ഉണ്ടായിരുന്നു. തുടർന്ന് 10ന് സുബിതയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഒരാഴ്‌ചക്കിടെ ചെള്ള് പനി മൂലം തലസ്‌ഥാനത്തുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. മൂന്ന് ദിവസം മുന്‍പ് വര്‍ക്കല സ്വദേശിയായ അശ്വതി (15) മരണപ്പെട്ടിരുന്നു.
എലി, പൂച്ച ഉള്‍പ്പടെയുള്ള മൃഗങ്ങളിലുണ്ടാകന്ന ചെള്ളുകളാണ് മനുഷ്യനിലേക്ക് ചെള്ള് പനി എത്തിക്കുന്നത്. ചെള്ള്, പേന്‍, മാന്‍ചെള്ള്, നായുണ്ണി എന്നീ ജീവികള്‍ കടിച്ചാല്‍ ചെള്ള് പനിക്ക് കാരണമാകും. റിക്കെറ്റ്സിയേസി ടൈഫി കുടുംബത്തില്‍പ്പെട്ട ബാക്‌ടീരിയയായ ഒറെന്‍ഷി സുസുഗാമുഷിയാണ് ചെള്ള് പനിക്ക് കാരണമാകുന്നത്. ഈ ചെള്ള് മനുഷ്യനെ കടിക്കുമ്പോഴാണ് പനിക്ക് കാരണമാകുന്ന ബാക്‌ടീരിയ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്.
Most Read: മുഖ്യമന്ത്രി തവനൂരില്‍; കരിങ്കൊടിയുമായി വഴിയിൽ പ്രതിഷേധം