തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം ഉയർന്നതിന് പിന്നാലെ തലസ്‌ഥാനത്ത് വ്യാപക അക്രമം. കെപിസിസി ആസ്‌ഥാനമായ ഇന്ദിരാഭവൻ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിച്ചു. വെള്ളയമ്പലത്തെ സിഐടിയുവിന്റെ ഓഫിസ് കോൺഗ്രസ് പ്രവർത്തകരും തിരിച്ച് ആക്രമിച്ചു. സിപിഎം- കോൺഗ്രസ് പ്രവർത്തകർ നേർക്കുനേർ ഏറ്റുമുട്ടലിന്റെ വക്കോളമെത്തിയത് തലസ്‌ഥാനത്തെ സംഘർഷാവസ്‌ഥയിലാക്കി. കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കുകയാണ്.
മൂന്ന് ദിവസം സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത പ്രതിഷേധം നേരിട്ട ശേഷം മുഖ്യമന്ത്രി ക്‌ളിഫ് ഹൗസിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് അനിഷ്‌ട സംഭവങ്ങൾ ഉണ്ടായത്. വിമാനത്തിനുള്ളിലെ പ്രതിഷേധത്തിൽ മുറിവേറ്റ സിപിഎം സർവശക്‌തിയും പുറത്തെടുത്ത് തെരുവിലിറങ്ങി. സെക്രട്ടറിയേറ്റിന് മുന്നിലെ ഫ്‌ളക്‌സുകൾ എല്ലാം വലിച്ചുകീറി. കോൺഗ്രസ് നേതാക്കളെ തെരുവിൽ നേരിടുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഷിജുഖാൻ പറഞ്ഞു. ഷിജുവിന്റെ പ്രകോപന പ്രസംഗത്തിന് പിന്നാലെ ഇന്ദിരാഭവനിലേക്ക് ഇടിച്ചുകയറിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു.
അക്രമം നടക്കുമ്പോൾ കോൺഗ്രസ് നേതാവ് എകെ ആന്റണി ഇന്ദിരാഭവനിൽ ഉണ്ടായിരുന്നു. പുറത്തിറങ്ങിയ ആന്റണി മുഖ്യമന്ത്രിയോട് വിശദീകരണം തേടി. ഇന്ദിരാഭവനിൽ നേരിട്ടെത്തി ഇത്തരം അതിക്രമങ്ങൾ ശക്‌തമായി പ്രതിരോധിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്‌തമാക്കിയതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകരും തെരുവിലിറങ്ങി.
വികെ പ്രശാന്ത് എംഎൽഎയുടെ ഓഫിസിലേക്ക് ഇരച്ചുകയറാനുള്ള കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം പോലീസ് ലാത്തി ഉപയോഗിച്ച് തടഞ്ഞത് സംഘർഷത്തിന് കാരണമായി. ലാത്തിയടിയിൽ ഒരു പ്രവർത്തകന് പരിക്കേറ്റു. വെള്ളയമ്പലത്തെ സിഐടിയുവിന്റെ ചെറിയ ഓഫിസ് ആക്രമിച്ച കോൺഗ്രസ് പ്രവർത്തകർ ചെങ്കൊടികൾ കത്തിക്കുകയും ഫ്‌ളക്‌സുകൾ വലിച്ചുകീറുകയും ചെയ്‌തു. രാത്രി ഒൻപതരയോടെ തലസ്‌ഥാനം മുൾമുനയിലായി. കെപിസിസി ആസ്‌ഥാനത്തേക്ക് സിപിഎം പ്രവർത്തകർ ഒരിക്കൽ കൂടി മാർച്ച് നടത്തി. ഇന്ദിരാഭവന് പ്രതിരോധം തീർത്ത് കോൺഗ്രസ് പ്രവർത്തകർ നിലയുറപ്പിച്ചു. പരസ്‌പരം പോർവിളി നടത്തുന്ന രണ്ടുപക്ഷത്തേയും പിടിച്ചുകെട്ടാൻ പോലീസിന് ഏറെ കഷ്‌ടപ്പെടേണ്ടി വന്നു.
Most Read: എടിഎം കവർച്ചക്കിടെ തീപിടുത്തം; 3.98 ലക്ഷം രൂപയുടെ നോട്ടുകൾ കത്തി നശിച്ചു
































