തിരുവനന്തപുരം: കേരളത്തിന്റെ വൈറോളജി ഗവേഷണ വികസന കേന്ദ്രം ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. തിരുവനന്തപുരം തോന്നക്കലിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട ഉല്‍ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.
വിവിധങ്ങളായ വൈറസുകളേയും, വൈറസ് അണുബാധകളേയും കുറിച്ച് ആഴത്തില്‍ ഗവേഷണങ്ങള്‍ നടത്തുന്നതിനും അതിന്റെ ക്ലിനിക്കല്‍ വശങ്ങള്‍ അവലോകനം ചെയ്യുന്നതിനും ഉള്ള ഒരു ആധുനിക കേന്ദ്രം ആണിത്. വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ട് പ്രവര്‍ത്തന ക്ഷമമാകുന്നതോടെ സാംക്രമിക രോഗങ്ങളേയും രോഗ വ്യാപനങ്ങളേയും കുറിച്ച് കൂടുതല്‍ അറിവു നേടുന്നതിനും അവയെ പ്രതിരോധിക്കുന്നതിനും വളരെ സഹായകരമാകും.
പ്രശസ്‌ത വൈറോളജി വിദഗ്ധനായ ഡോ. അഖില്‍ ബാനര്‍ജി സ്‌ഥാപനത്തിന്റെ മേധാവിയായി സ്‌ഥാനമേറ്റെടുത്തു. മറ്റു നിയമനങ്ങളും ദ്രുതഗതിയില്‍ നടന്നു വരികയാണ്. എട്ട് വിഭാഗങ്ങളിലായി 160 ലധികം വിദഗ്ധരെ നിയമിക്കാനാണ് പദ്ധതി. രാജ്യത്തിന്റെ ആരോഗ്യ മേഖലക്ക് മുതല്‍ക്കൂട്ടായി വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ട് മാറും. 25 ഏക്കറില്‍ 25,000 ചതുരശ്ര അടിയുള്ള പ്രീ-ഫാബ്രിക്കേഷന്‍ കെട്ടിടത്തിലാണ് ഇൻസ്‌റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുക.
Read Also: രാജ്യത്ത് സിനിമാ തിയറ്ററുകളും സ്‌കൂളുകളും ഇന്ന് മുതല്‍ തുറക്കും; കേരളത്തില്‍ ഉടനില്ല
നിപ വൈറസ് ബാധക്ക് പിന്നാലെ 2019 ഫെബ്രുവരിയിലാണ് സര്‍ക്കാര്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഉല്‍ഘാടനം ചെയ്‌തത് . എന്നാല്‍ ഉദ്യോഗസ്‌ഥരെ നിയമിക്കുന്നതും ഉപകരണങ്ങള്‍ സ്‌ഥാപിക്കുന്നതും വൈകിയതിനാല്‍ കോവിഡ് കാലത്ത് ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ സേവനം ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല.





































