കോഴിക്കോട്: ജില്ലയിലെ ചേളന്നൂർ കുമാരസ്വാമി വയലോറ റോഡിനു സമീപം കാർ മതിലിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. പാലത്ത് അടുവാറക്കൽ താഴം പൊറ്റമ്മൽ ശിവന്റെ മകൻ അഭിനന്ദ്(20) ആണ് മരിച്ചത്. കൂടാതെ 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അടുവാറക്കൽ താഴം കൊല്ലരു കണ്ടിയിൽ പ്രഫുൽ(20), നരിക്കുനി മേക്കയാട്ട് അഭിജിത്ത്(20), അടുവാറക്കൽ മീത്തൽ സേതു(19), എരവന്നൂർ കക്കുഴി പറമ്പിൽ സലാഹുദീൻ(20) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ പെട്ടവർ സഞ്ചരിച്ചിരുന്ന കാർ കോഴിക്കോട് ഭാഗത്ത് നിന്നും വരുന്നതിനിടെയാണ് മതിലിൽ ഇടിച്ച് തലകീഴായി മറിഞ്ഞത്. തുടർന്ന് നാട്ടുകാരും കാക്കൂർ പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കൂടാതെ അപകടത്തിന് പിന്നാലെ നരിക്കുനിയിൽ നിന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. കാക്കൂർ പോലീസിന്റെ ജീപ്പിലും ഇതുവഴി വന്ന മറ്റു വാഹനങ്ങളിലുമാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടർന്ന് പൂർണമായും തകർന്ന കാറിനുള്ളിൽ കുടുങ്ങിയവരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.
Read also: കനത്ത മഴ തുടരും; സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്




































