ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിതരേക്കാള്‍ കൂടുതല്‍ കോവിഡ് മുക്‌തർ. 67708 ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു. രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധിതരായ ആളുകളുടെ എണ്ണം 7307097 ആണ്. രാജ്യത്ത് നിലവില്‍ ചികിൽസയില്‍ തുടരുന്ന ആളുകളുടെ എണ്ണം 812390 ആണ്.
എന്നാല്‍ ഇന്നലെ രാജ്യത്ത് കോവിഡ് രോഗം ബാധിച്ചവരെക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം ഭേദമായി. 81541 ആളുകള്‍ക്കാണ് ഇന്നലെ രാജ്യത്ത് രോഗമുക്‌തി ഉണ്ടായത്. ഇതോടെ രാജ്യത്ത് കോവിഡ് മുക്‌തി നേടിയ ആളുകളുടെ എണ്ണം 6383443 ആയി ഉയര്‍ന്നിട്ടുണ്ട്. കോവിഡ് മുക്‌തരാകുന്ന ആളുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വര്‍ധന ആശ്വാസം പകരുന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 680 ആളുകള്‍ കൂടി രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 111266 ആയി ഉയര്‍ന്നു. മരണ നിരക്ക് കഴിഞ്ഞ ദിവസങ്ങളായി രാജ്യത്ത് കുറയുന്നത് ആശങ്ക ഒഴിവാക്കുന്ന കാര്യമാണ്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഇന്ന് മുതല്‍ രാജ്യത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള അന്യമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ നവംബര്‍ അവസാനത്തോടെ മാത്രമേ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്ന നിലപാടിലാണ് ഭൂരിഭാഗം സംസ്‌ഥാനങ്ങളും. കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഗുജറാത്ത്, ഛത്തീസ്ഗഢ്, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളാണ് സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല എന്ന നിലപാട് വ്യക്‌തമാക്കിയിരിക്കുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശും പഞ്ചാബും 9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഒപ്പം തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഓഡിറ്റോറിയങ്ങള്‍ തുറക്കാനുള്ള അനുമതിയും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
Read also : എസ്.എസ്.എഫ് സംസ്‌ഥാന സാഹിത്യോല്‍സവ് നാളെ തുടങ്ങും







































