ഇംഫാൽ: മണിപ്പുരിലെ നോനെ ജില്ലയിലുള്ള തുപുലിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച ആളുകളുടെ എണ്ണം 81 ആയി ഉയർന്നു. 55 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തിരച്ചിൽ 3 ദിവസം കൂടി തുടർന്നേക്കുമെന്നും മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് അറിയിച്ചു. കനത്ത മഴയെത്തുടർന്ന് റെയിൽപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിലാണ് അപകടം ഉണ്ടായത്.
മരിച്ച ആളുകളിൽ 10 പേർ ടെറിട്ടോറിയൽ ആർമി ജവാൻമാരാണെന്നും ഇതിൽ 9 പേർ ബംഗാളിൽ നിന്നുള്ളവരാണെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ച അർധരാത്രിയോടെ മഖുവാം മേഖലയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന തുപുൽ യാർഡ് റെയിൽവേ നിർമാണ ക്യാംപിന് സമീപത്തായാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
മണ്ണിടിച്ചിൽ ഉണ്ടായതോടെ റെയിൽവൈ ലൈൻ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ഉദ്യോഗസ്ഥരും തൊഴിലാളികളും അവർക്ക് സുരക്ഷ നൽകാനായി ഉണ്ടായിരുന്ന ജവാൻമാരുമാണ് അപകടത്തിൽ പെട്ടത്. നിലവിൽ കരസേന, അസം റൈഫിൾസ്, ദുരന്ത നിവാരണ സേന എന്നിവയുടെ രക്ഷാപ്രവർത്തനം പ്രദേശത്ത് പുരോഗമിക്കുകയാണ്.
Read also: ദക്ഷിണ ഇറാനിൽ വൻ ഭൂചലനം; ഗൾഫ് രാജ്യങ്ങളിലും പ്രകമ്പനം







































