തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം യോഗത്തിൽ ചർച്ചയാകും. പാലാ സീറ്റിൽ എൻസിപിയും ജോസ് വിഭാഗവും ഉറച്ച് നിൽക്കുമ്പോൾ പ്രശ്‌ന പരിഹാരമാണ് സിപിഎമ്മിന് മുന്നിലെ വെല്ലുവിളി. ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണത്തിന് ഇടക്കാല സ്‌റ്റേ അനുവദിച്ചത് ഉയർത്തിക്കാട്ടിയുള്ള രാഷ്‌ട്രീയ പ്രചാരണത്തിനും സിപിഎം സെക്രട്ടറിയേറ്റ് യോഗം രൂപം നൽകിയേക്കും.
അതേസമയം, ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിൽ സിപിഐ നിലപാടറിയാൻ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം കാനം രാജേന്ദ്രനുമായി കോടിയേരി ബാലകൃഷ്‌ണൻ ചർച്ച നടത്തും. ജോസ് രാജിവെച്ച് രാജ്യസഭ വിട്ടുനൽകാമെന്നുള്ള ധാരണ സിപിഎം സിപിഐയെ അറിയിക്കും. എന്നാൽ രാജ്യസഭ സീറ്റ് വിട്ടു നൽകുമെന്നുള്ള സൂചനകൾ ജോസ് കെ മാണി തള്ളിയിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐയും കേരള കോൺഗ്രസും തമ്മിൽ മൽസരിക്കുന്ന സീറ്റുകളിൽ ധാരണ ഉണ്ടാകേണ്ടതുണ്ട്. കാഞ്ഞിരപ്പള്ളി അടക്കമുള്ള സീറ്റുകളിൽ ആരു വിട്ടുവീഴ്‌ച ചെയ്യും എന്നതാണ് അറിയേണ്ടത്. സിപിഎം – സിപിഐ നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്‌ചയിൽ ഇക്കാര്യമാകും പ്രധാന ചർച്ച.
സിപിഐക്ക് ജോസ് വിഭാഗത്തോട് നേരത്തെയുള്ള എതിർപ്പ് ഇപ്പോൾ ഇല്ലെന്നാണ് കഴിഞ്ഞ ദിവസത്തെ കാനം രാജേന്ദ്രന്റ പ്രസ്‌താവനയിൽ നിന്ന് വ്യക്‌തമാകുന്നത്. ഇടതുപക്ഷം ശരിയെന്ന് പറയുന്ന ജോസ് കെ മാണിയെ എന്തിന് എതിർക്കണം എന്നായിരുന്നു കാനത്തിന്റെ ഇന്നലെയുള്ള പ്രതികരണം.
National News: ‘ചൈനയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു’; വിദേശകാര്യ മന്ത്രി







































