ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഋഷികേശിനടുത്തുള്ള ഗംഗാ നദിയിൽ കുളിക്കാനിറങ്ങിയ സൈനികൻ മുങ്ങിമരിച്ചു. രാജസ്‌ഥാനിൽ നിന്നുള്ള നിതുൽ യാദവിന്റെ (25) മൃതദേഹമാണ് നദിയിൽ നിന്നും ലഭിച്ചത്. ആറംഗ സംഘമാണ് കുളിക്കാനിറങ്ങിയതെന്ന് പോലീസ് പറഞ്ഞു.
ലക്ഷ്‌മൺ ജൂലക്ക് സമീപം ഫൂൽചട്ടിയിലാണ് സംഭവം. പൊടുന്നനെ ജലനിരപ്പ് ഉയരുകയും തുടർന്നുണ്ടായ ശക്‌തമായ ഒഴുക്കിൽ പെട്ട് സൈനികൻ ഒഴുകിപ്പോകുകയും ആയിരുന്നു. സംഭവസ്‌ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെ എസ്‌ഡിആർഎഫ് മുങ്ങൽ വിദഗ്‌ധരാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി പോലീസ് അറിയിച്ചു.
രാജസ്‌ഥാൻ അൽവാർ ജില്ലയിലെ ഗന്ദല ഗ്രാമത്തിൽ നിന്നുള്ളയാളാണ് യാദവ്. അദ്ദേഹം അവധിയിലാണെന്നും ഋഷികേശ് സന്ദർശിക്കാൻ എത്തിയതാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
Most Read: എകെജി സെന്റർ ആക്രമണം; ഉപയോഗിച്ചത് ഏറുപടക്കത്തിന് സമാനമായ വസ്‌തുവെന്ന് ഫോറൻസിക് റിപ്പോർട്







































