പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എൽജെപി പ്രസിഡണ്ട് ചിരാഗ് പാസ്വാൻ. നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ നിതീഷ് കുമാറിനെ ചിരാഗ് പാസ്വാൻ വെല്ലുവിളിച്ചു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ചിരാഗ് പാസ്വാന്റെ പ്രസ്താവന.
2005നു ശേഷം ഒരിക്കൽ പോലും നിയമസഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ മൽസരിച്ചിട്ടില്ല. സംസ്ഥാനത്തെ ജനങ്ങളുമായി നിതീഷ് കുമാറിന് നേരിട്ട് ബന്ധമില്ലെന്നും ചിരാഗ് പാസ്വാൻ ആരോപിച്ചു.
“എന്റെ പിതാവ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒമ്പത് തവണ വിജയിച്ചു. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അറിയാൻ 2020ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ മൽസരിക്കണം. എന്തുകൊണ്ടാണ് അദ്ദേഹം തെരഞ്ഞെടുപ്പിൽ മൽസരിക്കാത്തത്? ഞാൻ നിതീഷ് കുമാറിനേക്കാൾ ജൂനിയറാണ്, പക്ഷേ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഞാൻ തയ്യാറാണ്. കഴിഞ്ഞ 15 വർഷത്തിനിടയിൽ താൻ വളരെയധികം കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്നാണ് നിതീഷ് കുമാർ അവകാശപ്പെടുന്നത്. പിന്നെ എന്തുകൊണ്ടാണ് അദ്ദേഹം ബിജെപിയുടെ പിന്തുണ സ്വീകരിക്കുന്നതും തെരഞ്ഞെടുപ്പിൽ സ്വയം മൽസരിക്കാത്തതും?, നിതീഷ് കുമാറിന് സംസ്ഥാനത്തെ ജനങ്ങളുമായി നേരിട്ട് ബന്ധമില്ല. ധിക്കാരിയായ വ്യക്തിയാണ് നിതീഷ് കുമാർ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ എൽജെപി സ്ഥാനാർഥികളെയും പരാജയപ്പെടുത്താൻ നിതീഷ് കുമാർ പരമാവധി ശ്രമിച്ചു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടപ്പോൾ നിതീഷ് കുമാർ എന്റെ പിതാവിനെ അപമാനിച്ചു. അഹങ്കാരം കാരണം നിതീഷ് കുമാർ എന്റെ പിതാവിന്റെ രാജ്യസഭാ നാമനിർദ്ദേശത്തിനായി ഹാജരായില്ല,”- ചിരാഗ് പാസ്വാൻ പറഞ്ഞു.
എൻഡിഎയിൽ നിന്ന് പുറത്തുവരാനുള്ള ആഗ്രഹം തന്റെ പിതാവിന്റേതായിരുന്നു എന്നും അതിനാലാണ് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മൽസരിക്കാൻ തീരുമാനിച്ചതെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു.
Also Read: മധ്യപ്രദേശിൽ ഓക്സിജൻ ക്ഷാമം; സബ്സിഡി വർദ്ധിപ്പിച്ചു







































