കൊൽക്കത്ത: ബംഗാളിൽ മൂന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട നിലയിൽ. പഞ്ചായത്ത് അംഗം ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. സൗത്ത് 24 പർഗാനാസ് ജില്ലയിലെ കാനിംഗിലാണ് സംഭവം. ജൂലൈ 21ന് കൊൽക്കത്തയിൽ പാർട്ടിയുടെ രക്തസാക്ഷി ദിന റാലിയുടെ ഒരുക്കങ്ങളെക്കുറിച്ചുള്ള യോഗത്തിന് പോകുകയായിരുന്നു ഇവർ.
ഗോപാൽപൂർ ഗ്രാമപഞ്ചായത്തിലെ തൃണമൂൽ കോൺഗ്രസ് അംഗം സ്വപൻ മാജി, പാർട്ടിയുടെ പ്രാദേശിക ബൂത്ത് പ്രസിഡണ്ടുമാരായ ഭൂത്നാഥ് പ്രമാണിക്, ജന്ദു ഹൽദ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ പിയർ പാർക്ക് ഏരിയക്ക് സമീപം അജ്ഞാതരായ അക്രമികൾ തടഞ്ഞു. ആദ്യം മാജിയെ മാരകമായി ആക്രമിക്കുകയും പിന്നീട് മറ്റ് രണ്ട് പേരെയും പിന്തുടർന്ന് കൊല്ലുകയുമായിരുന്നു.
സംഭവസ്ഥലത്തുനിന്ന് ഒഴിഞ്ഞ വെടിയുണ്ടകളും ബൈക്കും കണ്ടെടുത്തു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചു. സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന് തൃണമൂൽ എംഎൽഎ സൗക്കത്ത് മൊല്ല ആരോപിച്ചു. അതേസമയം, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യയുടെ (കമ്മ്യൂണിസ്റ്റ്) അനുഭാവികളാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് ചില തൃണമൂൽ നേതാക്കൾ ആരോപിച്ചു.
വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. അതേസമയം തൃണമൂൽ കോൺഗ്രസിലെ വിഭാഗീയതയാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന തിരക്കിലാണ് പോലീസെന്നും ഇത്തരം സംഭവങ്ങൾ വർധിച്ചു വരികയാണെന്നും ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു.
Most Read: സംസ്ഥാനത്ത് ഇന്നും മഴ തുടരും; 12 ജില്ലകളില്‍ യെല്ലോ അലർട്







































