തിരുവനന്തപുരം: വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ മുൻ എംഎൽഎ കെഎസ് ശബരീനാഥിനെ പോലീസ് ചോദ്യം ചെയ്യും. നാളെ രാവിലെ 11 മണിക്ക് ശംഖുമുഖം അസി.കമ്മീഷണർ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. പ്രതിഷേധത്തിന് നിർദ്ദേശം നൽകിയത് കെഎസ് ശബരീനാഥ് ആണെന്നാണ് ആരോപണം.
വധശ്രമത്തിന്റെ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യൽ. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിക്കാനുള്ള സാധ്യതയെ കുറിച്ച് ശബരീനാഥൻ നിർദ്ദേശിക്കുന്നതിന്റെ സ്ക്രീൻ ഷോട്ട് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ കുറിച്ച് പോലീസ് നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ശബരിയെ നേരിട്ട് വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നത്. വിമാനത്തിൽ മുഖ്യമന്ത്രിക്ക് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ടിക്കറ്റ് നൽകിയ നേതാക്കളെ കേന്ദ്രീകരിച്ചു കണ്ണൂരിലും അന്വേഷണം നടക്കുന്നുണ്ട്.
അതിനിടെ, വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ ഇപി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തേക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇൻഡിഗോ വിമാനത്തിലാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
Most Read: കോവിഡ് ഇന്ത്യ; 16,935 രോഗബാധ, 49 മരണം







































