തിരുവനന്തപുരം: ജനറൽ സ്‌കൂളുകളുടെ പേരിൽ ബോയ്‌സും ഗേൾസും പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. ഔദ്യോഗിക രേഖകളിലും ബോർഡിലും ഈ തിരുത്ത് ഉടനെ വരുത്താനാണ് നിർദ്ദേശം.
ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു പഠിക്കുന്ന സംസ്‌ഥാനത്തെ 100ഓളം സ്‌കൂളുകളുടെ പേരിൽ ബോയ്‌സ് അതല്ലങ്കിൽ ഗേൾസ് എന്നിങ്ങനെ ഉണ്ട്. ഉദാഹരണമായി ‘എസ്‌എൻഎൻ ബോയ്‌സ് സ്‌കൂൾ’ എന്നാണ് ഒരു സ്‌കൂളിന്റെ പേര്. പക്ഷെ, ഈ സ്‌കൂളിൽ ആൺ കുട്ടികളും പെൺകുട്ടികളും പഠിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള ജനറൽ സ്‌കൂളുകളുടെ പേരിൽ നിന്നാണ് ആൺപെൺ വ്യത്യാസം സൂചിപ്പിക്കുന്ന വാക്കുകൾ നീക്കം ചെയ്യേണ്ടത്.
ജെൻഡർ വ്യത്യാസമില്ലാതെ കുട്ടികൾക്ക് പ്രവേശനം അനുവദിക്കുന്ന ഒരു സ്‌കൂളും പേരിൽ ബോയ്‌സ്, ഗേൾസ് എന്നിങ്ങനെ ഉപയോഗിക്കാൻ പാടില്ലെന്നാണ് കർശന ഉത്തരവ്. ഇതുസംബന്ധിച്ച നിർദ്ദേശം സ്‌കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ന് നൽകി തുടങ്ങി.
ബാലാവകാശ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. ‘ജെൻഡർ വ്യത്യാസമില്ലാതെ കുട്ടികൾക്ക് പ്രവേശനം അനുവദിക്കുന്ന ഒട്ടേറെ സ്‌കൂളുകളുടെ പേരിൽ ബോയ്‌സ്, ഗേൾസ് എന്നിങ്ങനെ പേരുകളുണ്ട്. ഇത് അവിടെ പഠിക്കുന്ന കുട്ടികൾക്ക് വിഷമമുണ്ടാക്കുന്നുണ്ട്’ -ബാലാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി.
സ്‌കൂൾ വിദ്യാഭ്യാസ ഓഫീസറുടെ അനുമതിയോടെ പേര് പരിഷ്‌കരിക്കണം. എല്ലാ ഔദ്യോഗിക രേഖകളിലും ബോർഡിലും ഇതനുസരിച്ച് തിരുത്തൽ ഉടൻ വരുത്തണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ വ്യക്‌തമാക്കുന്നു.
Most Read: ക്‌ളാസ് മുറികളിലെ മതചിഹ്‌നം മതേതര വിരുദ്ധം; ജസ്‌റ്റിസ് ഹേമന്ദ് ഗുപ്‌ത


































