ക്‌ളാസ്‌ മുറികളിൽ മതചിഹ്‌നം ധരിക്കാന്‍ അനുവദിക്കുന്നത് മതേതര വിരുദ്ധം; ജസ്‌റ്റിസ്‌ ഹേമന്ദ് ഗുപ്‌ത

By Central Desk, Malabar News
Justice Hemant Gupta Verdict on Hijab In School _ Malayalam
Ajwa Travels

ന്യൂഡെൽഹി: ക്‌ളാസ് മുറികളിൽ ഒരു മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രം മതചിഹ്‌നങ്ങള്‍ ധരിക്കാന്‍ അനുവദിക്കുന്നത് മതേതരത്വത്തിന് എതിരാണെന്ന് ജസ്‌റ്റിസ്‌ ഹേമന്ദ് ഗുപ്‌ത. ഹിജാബ് വിലക്ക് തള്ളിയ ജസ്‌റ്റിസ്‌ സുധാൻഷു ധൂളിയയുടെ വിധിക്ക് വിരുദ്ധമായ വിധിയാണ് ജസ്‌റ്റിസ്‌ ഹേമന്ദ് ഗുപ്‌ത നടത്തിയത്.

വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കണോ എന്ന വിഷയത്തിലുള്ള ഹരജികൾ പരിഗണിച്ചു കൊണ്ട് നടന്ന കേസിലാണ് രണ്ടംഗ ബെഞ്ചിന്റെ രണ്ടു വിധികൾ. പരസ്‌പര ബന്ധമില്ലാത്ത രണ്ടു വിധികൾ കാരണം തുടർ നടപടികൾ സ്വീകരിക്കാൻ വിഷയം ചീഫ് ജസ്‌റ്റിസിന് വിട്ടു. ഹരജി ഭരണഘടനാ ബെഞ്ചിന് വിടണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഇനി ചീഫ് ജസ്‌റ്റിസ്‌ തീരുമാനിക്കും.

കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഹിജാബ് നിരോധനം ചോദ്യംചെയ്‌ത്‌ കൊണ്ടും അനുകൂലിച്ചു കൊണ്ടും വന്ന ഹരജികളാണ് രണ്ടംഗ ബെഞ്ച് പരിഗണിച്ചത്. കർണാടക സ്‌കൂളുകളിൽ ഹിജാബ് നിരോധനം നിലവിൽ വന്നതിന്റെ പാശ്‌ചാതലത്തിൽ നിരവധി സമരങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നു. ഒട്ടനവധി കുട്ടികൾ തങ്ങളുടെ വിദ്യാഭ്യസം സർക്കാർ സ്‌കൂളുകളിൽ നിന്ന് അവസാനിപ്പിക്കുകയും മതവിദ്യഭ്യാസ സ്‌ഥാപനങ്ങളിലേക്ക് മാറുകയും ചെയ്‌തിരുന്നു.

2021 ഡിസംബര്‍ 28ന് കര്‍ണാടകയിലെ ഉഡുപ്പിയിലെ ഒരു പ്രീ-യൂണിവേഴ്‌സിറ്റി ഗവണ്‍മെന്റ് കോളേജില്‍ ഹിജാബ് ധരിച്ച ആറ് പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്നാണ് വിവാദം ആരംഭിക്കുന്നതും പിന്നീട് വിഷയത്തിൽ കര്‍ണാടക ബസവരാജ് ബൊമ്മൈ സര്‍ക്കാര്‍ ഫെബ്രുവരി 5ന് ഹിജാബ് ധരിച്ച് പെണ്‍കുട്ടികളെ കോളേജില്‍ പോകാന്‍ അനുവദിക്കില്ലെന്ന വിവാദ ഉത്തരവും പുറപ്പെടുവിച്ചു. ഇതിനെതിരെ ഹൈക്കോടതിയിൽ പോയ രക്ഷിതാക്കളുടെ ഹരജിയിൽ 2022 മാര്‍ച്ച് 15ന്, ഹിജാബ് ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്നും അതിനാൽ, ഹിജാബ് സ്‌കൂളുകളിൽ നിരോധിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ശരിയാണെന്നും ഹൈക്കോടതി വിധി പറഞ്ഞു. ഈ തീരുമാനത്തെയാണ് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്‌തത്.

സ്‌കൂൾ നിഷ്‌കർശിക്കുന്ന യൂണിഫോം ധരിക്കാൻ ബുദ്ധിമുട്ടുള്ള വിദ്യാര്‍ഥി സ്‌കൂളിൽ എത്തുന്നില്ലെങ്കില്‍ അത് അവരുടെ വ്യക്‌തിപരമായ തീരുമാനം ആണെന്നാണ് സൂപ്രീംകോടതി ജസ്‌റ്റിസ്‌ ഹേമന്ദ് ഗുപ്‌തയുടെ ഇന്നത്തെ വിധി പറയുന്നത്. അത് വിദ്യാഭ്യാസം നിഷേധിക്കലായി കണക്കാക്കാന്‍ കഴിയില്ലെന്നും ഭരണഘടനയുടെ 19(1)() അനുഛേദ പ്രകാരമുള്ള ആവിഷ്‌കാര സ്വാതന്ത്ര്യ പരിധിയില്‍ ഹിജാബ് ധരിക്കല്‍ വരില്ലെന്നും ക്‌ളാസ് മുറികളില്‍ മതാചാരങ്ങള്‍ നടപ്പാക്കാന്‍ കുട്ടികള്‍ക്ക് അവകാശമില്ലെന്നും ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25ആം അനുഛേദ പ്രകാരം മത സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്നും ജസ്‌റ്റിസ്‌ ഹേമന്ത് ഗുപ്‌തയുടെ വിധി വിശദീകരിക്കുന്നുണ്ട്.

മതേതര പ്രവര്‍ത്തനങ്ങളില്‍ മതത്തിന്റെ ഇടപെടല്‍ അനുവദനീയമല്ലെന്നും ജസ്‌റ്റിസ്‌ ഹേമന്ത് ഗുപ്‌ത വിധിയില്‍ പറയുന്നുണ്ട്. മത വിശ്വാസം പൗരന്റെ സ്വകാര്യ കാര്യമാണ്. സര്‍ക്കാറിന്റെ മതേതര സ്‌കൂളുകളില്‍ അതിന് സ്‌ഥാനമില്ല. ക്ളാസ് മുറികളില്‍ ഒഴികെ ഇഷ്‌ടമുള്ള മതത്തിലെ ആചാരങ്ങള്‍ നടപ്പാക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കുണ്ട്. എന്നാല്‍ ക്‌ളാസ് മുറികളില്‍ അതിന് സ്വാതന്ത്ര്യമില്ല, -വിധി പറയുന്നു.

ഭാവി ഉദ്യമങ്ങള്‍ക്ക് പൗരനെ പരിശീലിപ്പിക്കുന്ന നേഴ്‌സറികളാണ് സ്‌കൂളുകള്‍. അവിടെ നിഷ്‌കർശിക്കുന്ന യൂണിഫോം ധരിക്കാതിരിക്കാൻ അനുമതി നല്‍കിയാല്‍ പിന്നെ എന്ത് അച്ചടക്കമാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. സ്‌കൂൾ കുട്ടികൾക്കിടയിൽ സാമ്പത്തികം, മതം, ജാതി എന്നിവ മൂലമുണ്ടാകുന്ന വ്യത്യാസങ്ങള്‍ തിരിച്ചറിയാതിരിക്കാന്‍ വേണ്ടിയാണ് യൂണിഫോം നിർബന്ധമാക്കുന്നത്. യൂണിഫോം മതേതര കാഴ്‌ചപ്പാട്‌ ഉണ്ടാക്കാന്‍ വേണ്ടി കൂടിയുള്ളതാണ്. സ്‌കൂളിന് പുറത്ത് വിദ്യാര്‍ഥികള്‍ക്ക് ഹിജാബ് ധരിക്കുന്നതില്‍ വിലക്കില്ലെന്നും ജസ്‌റ്റിസ്‌ ഹേമന്ത് ഗുപ്‌ത വിധിയിൽ പറഞ്ഞു.

അതിനാല്‍ തന്നെ സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കിയ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവില്‍ തെറ്റില്ലെന്ന്, ഹിജാബ് ധരിക്കേണ്ടത് ഇസ്‍ലാം മതത്തിന്റെ അനിവാര്യമായ മതാചാരമല്ലെന്ന കർണാടക ഹൈക്കോടതിയുടെ കണ്ടെത്തല്‍ ശരിവച്ചുകൊണ്ട് ഇദ്ദേഹം വിധിയിൽ വിശദീകരിച്ചു.

Related: ഹിജാബ് മുഖംമൂടുന്ന ബുർഖയോ നിഖാബൊ അല്ല; അത് മുടിമറയ്‌ക്കുന്ന ശിരോവസ്‌ത്രമാണ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE