ഹിജാബ് മുഖംമൂടുന്ന ബുർഖയോ നിഖാബൊ അല്ല; അത് മുടിമറയ്‌ക്കുന്ന ശിരോവസ്‌ത്രമാണ്

By Central Desk, Malabar News
Hijab is not Burka or Niqab
ഹിജാബ് (മുൻനടി സനാഖാൻ), ബുർഖ, നിഖാബ് (ആക്റ്റിവിസ്‌റ്റ് ഐമ വാറൈച്ച്)
Ajwa Travels

വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ശരിവെച്ച കർണാടക ഹൈക്കോടതി ഉത്തരവിൽ ഹിജാബ് അനുകൂലികൾ ഈ വിധി മൗലികാവകാശ ലംഘനമാണ് എന്ന് പറയുമ്പോൾ ഒരു സ്‌ഥാപനം നിർണയിക്കുന്ന യൂണിഫോം എല്ലാവരും പാലിക്കേണ്ട നിബന്ധനയാണെന്ന് മറുവിഭാഗവും സമർഥിക്കുന്നു. വിഷയത്തിൽ നമ്മുടെ അഭിപ്രായം രേഖപ്പെടുത്തും മുൻപ്, ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഈ ശിരോവസ്‌ത്രം എന്താണെന്ന് നോക്കാം.

Hijab is not Burka or Niqab

എന്താണ് ഹിജാബ്?

ഹിജാബ് എന്നുപറഞ്ഞാൽമറയ്‌ക്കുക എന്നാണ് അറബിയിൽ പൊതുവായ അർഥം. മറ, മൂടുപടം, അഭയസ്‌ഥാനം എന്നിങ്ങനെ വിവിധ സാഹചര്യത്തിൽ വിവിധ അർഥമുള്ള ‘ഹിജബ്’ എന്ന വാക്കിൽ നിന്നാണ് ഹിജാബ് എന്ന വാക്കുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. പൊതുവായി ഹിജാബ് എന്ന വാക്ക് കൊണ്ട് പരാമർശിക്കുന്നത് സ്‌ത്രീകളുടെ തലമുടി മറയ്‌ക്കുന്ന ശിരോവസ്‌ത്രത്തെയാണ്. ഇസ്‌ലാമിൽ ഹിജാബിന് ഒതുക്കം, വിനയം, സ്വഭാവശുദ്ധി, സൻമാർഗം എന്നീ അർഥങ്ങളും ഉണ്ട്.

Hijab is not Burkha or Niqab

അറബി ഭാഷയുടെ ഏറ്റവും വലിയ സവിശേഷതയും ഒപ്പം വെല്ലുവിളിയുമാണ്, ഒട്ടുമിക്ക വാക്കുകളും ഓരോ സാഹചര്യത്തിലും അർഥം മാറിക്കൊണ്ടിരിക്കും എന്നത്. അതുകൊണ്ട് തന്നെ, അറബി ഭാഷയിലുള്ള ഒരു വിഷയം മറ്റേതൊരു ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയാലും അതിന് പല അർഥങ്ങളും വായിച്ചെടുക്കാൻ കഴിയും. ഇത് പലപ്പോഴും വിഷയത്തെ മനസിലാക്കലിൽ വലിയ വെല്ലുവിളിയുമാണ്. എങ്കിലും നമുക്കെല്ലാം ഇന്ന് ഹിജാബ് എന്നുകേട്ടാൽ അത് ശിരോവസ്‌ത്രമാണ്‌.

എന്താണ് ഹിജാബ് എന്ന ശിരോവസ്‌ത്രം

വളരെ ലളിതമായി പറഞ്ഞാൽ അത് സ്‌ത്രീകൾക്ക്‌ തലമുടി മറയ്‌ക്കാനുള്ള ഒരു സംവിധാനമാണ്. അല്ലാതെ മുഖം മറയ്‌ക്കാനുള്ള സംവിധാനമല്ല. ഇസ്‌ലാം രൂപം കൊണ്ടത് അറേബ്യൻ നാടുകളിൽ ആയതുകൊണ്ടും, അവിടങ്ങളിൽ അക്കാലത്ത് മണൽകാറ്റും പൊടിക്കാറ്റും ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾ രൂക്ഷമായതിനാലും അപൂർവമായി കാണപ്പെടുന്ന ജലാശയങ്ങളിൽ മുടിയിഴകൾ ശല്യമായി മാറുന്നതുകൊണ്ടും ഒട്ടകങ്ങൾ ഉൾപ്പടെയുള്ള മരുഭൂമിയിലെ യാത്രാസഹായികൾക്ക് കാറ്റിലൂടെ പറന്നെത്തുന്ന മുടിയിഴകൾ സൃഷ്‌ടിക്കുന്ന ബുദ്ധിമുട്ടുകൾ മറികടക്കുന്നതിനും ആവശ്യമായ രീതിയിലുള്ളതാണ് അറേബ്യൻ നാടുകളിൽ രൂപംകൊണ്ട വസ്‌ത്രധാരണ രീതികൾ.

Hijab is not Burka or Niqab _ Halima Aden_Miss USA
ഹിജാബ് ധരിച്ച് ‘മിസ് യുഎസ്‌എ’ ഹലിമ ആദെൻ (Image courtesy: Halima Aden Instagram)

അത് തികച്ചും സ്വാഭാവികമായ കാര്യമാണ്. സമൂഹം മുന്നോട്ടു പരിണാമം ചെയ്യുകയും ചുറ്റുപാടുകൾ മാറ്റങ്ങൾക്ക് വിധേയമാകുകയും പ്രകൃതി പ്രതിഭാസങ്ങളിലെ മാറ്റങ്ങൾക്ക് അനുസരിച്ച് ചൂടും വിങ്ങലും ഉൾപ്പടെയുള്ള മാറ്റങ്ങൾ കടന്നുവരികയും ചെയ്യുമ്പോൾ സമൂഹത്തിൽ വസ്‌ത്രധാരണ രീതിയിലും മാറ്റങ്ങൾ പ്രകടമായിട്ടുണ്ട്. എന്നാൽ, ഇസ്‌ലാമിക വിശ്വാസത്തിൽ ജീവിക്കുന്ന സ്‌ത്രീകൾക്ക് തല മറയ്‌ക്കൽ നിർബന്ധമാണെന്നാണ് മതപണ്ഡിതർ പ്രമാണങ്ങൾ ഉദ്ധരിച്ചുകൊണ്ട് പറയുന്നത്. അത് കൊണ്ടുതന്നെ, ഒട്ടുമിക്ക രാജ്യങ്ങളിലെയും സ്‌ത്രീകളായ ഇസ്‌ലാമിക വിശ്വാസികൾ തല മറയ്‌ക്കാറുണ്ട്. ചില രാജ്യങ്ങളിൽ ഇത് നിർബന്ധിത നിയമവുമാണ്.

ഇസ്‌ലാമിൽ ശിരോവസ്‌ത്രങ്ങൾ നിരവധി

ഹിജാബ് കൂടാതെ ബുർഖ, നിഖാബ്, അൽ-അമിറ, ഷൈയ്‌ല, ഖിമാർ, ചാദോർ എന്നിങ്ങനെ വിവിധ വസ്‌ത്രങ്ങളിൽ വിവിധരീതിയിലാണ് തലമറയ്‌ക്കൽ. മുഖം വെളിവാക്കുന്ന ഹിജാബ്, അൽ-അമിറ, ഷയ്‌ല, ഖിമാർ, ചാദോർ എന്നിവ ഒട്ടുമിക്ക മുസ്‌ലിം വിശ്വാസി നേതൃത്വവും അംഗീകരിക്കുന്നുണ്ട്. എന്നാൽ, പൂർണമായും മുഖം മൂടുന്ന തരത്തിലുള്ള ബുർഖ, നിഖാബ് എന്നിവയെ ഭൂരിപക്ഷം വിശ്വാസി നേതൃത്വവും പിന്തുണക്കുന്നില്ല.

Hijab is not Burkha or Niqab

മതവിശ്വാസം സംബന്ധിച്ച ഭരണഘടന ഉറപ്പനൽകുന്ന 25ആം വകുപ്പിനും അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച വകുപ്പ് 19നും ഹിജാബ് പോലുള്ള മുഖം മറയ്‌ക്കാത്ത ശിരോവസ്‌ത്രം എതിരല്ലെന്നാണ് ഹിജാബ് അനുകൂലികൾ ചൂണ്ടിക്കാണിക്കുന്നത്. അത് ജനാധിപത്യ മതേതര സമൂഹത്തിൽ മറ്റുമതവിശ്വാസികൾ വിദ്യഭ്യാസ സ്‌ഥാപനങ്ങളിൽ ഉൾപ്പടെ ഉപയോഗിക്കുന്ന മതചിഹ്‌നങ്ങൾ പോലെ ലളിതമായ കാര്യമാണ് എന്നാണ് ഹിജാബ് അനുകൂലികൾ വാദിക്കുന്നത്.

പാരമ്പര്യ ആചാരമായ നിഖാബും ബുർഖയും

മുഖം മറക്കുന്ന നിഖാബ്, കണ്ണുകൾ ഉൾപ്പടെ മൂടുന്ന ബുർഖ എന്നീ ശിരോവസ്‌ത്രങ്ങൾ ചില അറബ് രാജ്യങ്ങളിലെ മുസ്‌ലിം സ്‌ത്രീകള്‍ സ്വീകരിച്ചുപോരുന്ന പാരമ്പര്യ ആചാര്യത്തിന്റെയും ശീലങ്ങളുടെയും ഭാഗമാണ്.

Hijab is not Burka or Niqab _ Old Jewish Family
1949-ൽ യെമനിലെ ഏദനിനടുത്തുള്ള അഭയാർഥി ക്യാംപിൽ ജൂത സ്‌ത്രീകളും കുട്ടികളും. കടപ്പാട് വിക്കിപീഡിയ

നാലായിരം വർഷം മുൻപ് രൂപംകൊണ്ടതെന്ന് കരുതുന്ന, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതങ്ങളിലൊന്നായ ജൂതമതം അഥവാ യഹൂദമതത്തിലും പുരുഷൻമാരും സ്‌ത്രീകളും തലമറയ്‌ക്കുന്ന രീതി ഇപ്പോഴും നിലവിലുണ്ട്. യഹൂദ മതവിശ്വാസത്തിൽ വിവാഹിതയായ സ്‌ത്രീ നിർബന്ധമായും മുടി മറയ്‌ക്കണം എന്നാണ് നിയമം. എന്നാൽ, ഇവർക്കിടയിൽ മുഖവും കണ്ണുകളും മൂടുന്ന ശിരോവസ്‌ത്ര രീതിയില്ല.

Hijab is not Burka or Niqab _ Jewish men dress
യഹൂദമതത്തിലെ പുരുഷൻമാർ ആചാരവസ്‌ത്രങ്ങളിൽ

ക്രിസ്‌ത്യൻ മതത്തിലും ചില ആചാരപരമായ കാര്യങ്ങളിൽ തലമറയ്‌ക്കുന്ന രീതി ഇപ്പോഴും തുടരുന്നുണ്ട്. മറ്റുചില പഴയകാല മതങ്ങളിലും തലമറയ്‌ക്കുന്ന രീതി നിലവിലുണ്ട്. ഇത്തരം മതവിശ്വാസികളിൽ ഏറിയപങ്കും വസ്‌ത്രാചാരങ്ങളും വസ്‌ത്ര നിഷ്‌ഠകളും മുറുകെ പിടിയ്‌ക്കാറില്ല എന്നതാണ് യാഥാർഥ്യം.ഇസ്‌ലാമിക വിശ്വാസത്തിൽ, ജനലക്ഷങ്ങള്‍ ഒത്തുകൂടുന്ന ഹജ്‌ജ് വേളയില്‍ സ്‌ത്രീകൾ മുഖം മറയ്‌ക്കരുതെന്നാണ്‌ ശാസന.

മാദ്ധ്യമങ്ങൾ പോലും തെറ്റിദ്ധാരണ പരത്തുന്നു

ജനാധിപത്യ-മതേതര വാദികൾ പൗരാവകാശം റദ്ദ് ചെയ്യുന്നതിന് തുല്യമായി പരിഗണിക്കുന്ന ഹിജാബ് നിരോധനത്തിൽ മാദ്ധ്യമങ്ങളുടെ നിലപാട് സൂക്ഷ്‌മമായി അവതരിപ്പിക്കേണ്ടതുണ്ട്.

Sheikha Mozah al Maktoum with Hijab
പൈലറ്റ് ഷെയ്ഖ മോസ അൽ മഖ്‌തൂം

മുടിമാത്രം മറയ്‌ക്കുന്ന ഹിജാബിനു വേണ്ടിയുള്ള സമരം നയിക്കാന്‍ മുഖവും കണ്ണുകളും വരെ മൂടിക്കെട്ടിയ നിഖാബും ബുർഖയും ധരിച്ചെത്തുന്ന തീവ്രഇസ്‌ലാമിക സംഘടനകളും അവരുടെ കുട്ടിപ്പട്ടാളവും ഒരു ഭാഗത്ത്. മറുഭാഗത്ത് വര്‍ഗീയമുതലെടുപ്പിന്റെ വിളനിലമായി മാറ്റിയെടുക്കുന്നഹിന്ദുത്വരാജ്‌ ഭാവിക്കായി ഉഴുതുമറിക്കാൻ സംഘപരിവാർ സംഘടനകളും അവരുടെ വൈകാരിക ജീവികളും ഒന്നിക്കുമ്പോൾ മാദ്ധ്യമങ്ങൾ ശക്‌തമായ പ്രതിരോധം ഉയർത്തേണ്ടതുണ്ട്.

വിഷയത്തിൽ വിവരമില്ലാത്ത, സമൂഹത്തിലെ ഏതെങ്കിലും വിഭാഗമോ ആളുകളോ ഹിജാബിനെ ബുർഖയായും നിഖാബായും തെറ്റിദ്ധരിച്ചിട്ടുണ്ടങ്കിൽ അത് തിരുത്താൻ ബാധ്യസ്‌ഥരായ മാദ്ധ്യമങ്ങൾ എന്താണ് ചെയ്യുന്നത്? ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട 80 ശതമാനം വാർത്തകളിലും ബുർഖ, നിഖാബ് എന്നിവയുടെ ചിത്രങ്ങളാണ് മാദ്ധ്യമങ്ങൾ നൽകുന്നത്!.

Astronaut Nora al Matrooshi with Hijab
പ്രശസ്‌ത ബഹിരാകാശ സഞ്ചാരി നോറ അൽ മത്രൂഷി

ഭൂരിപക്ഷ മുസ്‌ലിം സമൂഹവും അതിന്റെ നേതൃത്വവും അംഗീകരിക്കാത്ത പൂർണമായും മുഖം മൂടുന്ന തരത്തിലുള്ള ബുർഖയും നിഖാബും ചിത്രങ്ങളാക്കുമ്പോൾ അത് ഹിന്ദുത്വരാജ്‌ നടപ്പിലാക്കാൻ തിളയ്‌ച്ചുകൊണ്ടിരിക്കുന്ന സംഘപരിവാറിന് വളമിട്ടുനൽകലാണ് എന്ന് തിരിച്ചറിയാനുള്ള വിവേകം മാദ്ധ്യമങ്ങൾ കാണിക്കേണ്ടതുണ്ട്.

സംഘപരിവാർ ആശയങ്ങളെ സൂക്ഷിക്കേണ്ടതുണ്ട്

ഹിജാബിനെ നിഖാബും ബുർഖയുമാക്കി പൗരാവകാശങ്ങളെ തല്ലികൊല്ലുന്ന സംഘപരിവാർ ആശയങ്ങളെ സൂക്ഷിക്കേണ്ടതുണ്ട്. ഹിജാബ് ധരിക്കുന്നതിന് എതിരെയുള്ള കർണാടക ഹൈക്കോടതി വിധി ചോദ്യംചെയ്‌തുള്ള ഹരജികളിൽ പരമോന്നത നീതിപീഠം നീതിപൂർവമായ തീർപ്പ് കൽപ്പിക്കുംവരെ, യൂണിഫോമിൽ പറയാത്ത, മതം വ്യക്‌തമാക്കുന്ന എല്ലാ ചിഹ്‌നങ്ങളും കലാലയങ്ങളിൽ ഇനിയങ്ങോട്ട് വെറുപ്പിന്റെ, വിഭാഗീയതയുടെ, അപകർഷതയുടെ ഓർമപ്പെടുത്തലാണ് ഒരുവിഭാഗത്തിന്.

ആരോഗ്യവായന: ശ്വാസകോശ അർബുദം; തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE