ഷിംല: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്വീന്ദർ സിങ് സുഖു സ്ഥാനം ഏൽക്കും. ഇക്കാര്യം കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയാകും. നാളെ രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ നടക്കും. മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടുതൽ പേർ അവകാശ വാദം ഉന്നയിച്ച സാഹചര്യത്തിൽ ഹൈക്കമാൻഡ് നേരിട്ടാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്.
മുഖ്യമന്ത്രി സ്ഥാനത്തിനായി ആവശ്യം ഉന്നയിച്ച കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങ്ങിന്റെ സാന്നിധ്യത്തിലാണ് ഭൂപേഷ് ഭാഗേൽ പ്രഖ്യാപനം നടത്തിയത്. കോൺഗ്രസിന് മിന്നും വിജയം നേടിക്കൊടുത്ത ജനങ്ങൾക്ക് സുഖ്വീന്ദർ സിങ് സുഖു നന്ദി അറിയിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി സ്ഥാനം പ്രഖ്യാപിച്ചതിന് പിന്നാലെ സുഖ്വീന്ദർ സിങ് സുഖു പ്രതികരിച്ചു.
സ്വദേശമായ ഹമിർപുർ ജില്ലയിലെ നദൗൻ മണ്ഡലത്തിൽ നിന്ന് നാലാം തവണയും വിജയിച്ചാണ് സുഖ്വീന്ദർ സിങ് സുഖു മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. 3363 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ സുഖുവിന്റെ വിജയം. ഈ തിരഞ്ഞെടുപ്പിൽ പ്രചാരണ സമിതി തലവനായിരുന്ന സുഖു പ്രാദേശിക വിഷയങ്ങളിൽ ഊന്നിയ തന്ത്രങ്ങൾ മെനഞ്ഞ് ഹിമാചലിലെ കോൺഗ്രസ് പടയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
40 വർഷമായി ഹിമാചൽ കോൺഗ്രസിൽ നേതൃത്വത്തിനും ജനങ്ങൾക്കും ഏറെ പ്രിയങ്കരനാണ് സുഖ്വീന്ദർ സിങ് സുഖു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യമേ സുഖുവിന്റെ പേര് ഉയർന്നു വന്നിരുന്നു. ഫല ശേഷം 21 എംഎൽഎമാരുമായി സുഖു യോഗവും നടത്തിയിരുന്നു. ലോവർ ഹിമാചൽ പ്രാദേശിൽപ്പെട്ട സിർമൗർ, ഹമിർപുർ, ബിലാസ്പുർ, സോലൻ തുടങ്ങിയ ജില്ലകളിൽ നിർണായക സ്വാധീനമുള്ള നേതാവാണ് സുഖ്വീന്ദർ സിങ് സുഖു.
അതേസമയം, ഹൈക്കമാൻഡ് തീരുമാനത്തിന് പ്രതികരണവുമായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങ് രംഗത്തെത്തി. സുഖ്വീന്ദർ സിങ് സുഖുവിനെ ഹിമാചൽ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് പ്രതിഭാ സിങ് പ്രതികരിച്ചു. പ്രതിഭാ സിങ് അനുകൂലികളെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്.
ഹിമാചൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾ കെട്ടടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാന കോൺഗ്രസ് അധ്യക്ഷയും മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്റെ വിധവയുമായ പ്രതിഭ മുഖ്യമന്ത്രി ആകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, കൂടുതൽ എംഎൽഎമാരുടെ പിന്തുണ സുഖ്വീന്ദർ സിങ് സുഖുവിനായിരുന്നു.
Most Read: മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്നത് കേരളത്തിന്റെയാകെ അഭിപ്രായം; ലീഗ്








































