മലപ്പുറം: ജില്ലയിലെ എരമംഗലത്ത് സാമൂഹിക വിരുദ്ധർ മാദ്ധ്യമ പ്രവർത്തകന്റെ സ്‌ഥാപനത്തിന് നേരെ ആക്രമണം നടത്തി. യുവകലാ സാഹിതി പൊന്നാനി മണ്ഡലം സെക്രട്ടറിയും ജനയുഗം പത്രത്തിന്റെ റിപ്പോർട്ടറുമായ പ്രിഗിലേഷിന്റെ ശോഭ ലൈറ്റ് & സൗണ്ട്സ് എന്ന സ്‌ഥാപത്തിന് നേരെയാണ് രാത്രിയുടെ മറവിൽ ക്രിമിനലുകൾ ആക്രമണം നടത്തിയത്.
സ്‌ഥാപനത്തിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന എൽഇഡി ലൈറ്റ് ബോഡുകൾ, സ്വാഗത ബോർഡുകൾ, ഫ്‌ളക്‌സ് ബോഡുകൾ തുടങ്ങിയവ തച്ചു തകർക്കുകയും ഫ്‌ളക്‌സുകൾ കീറി വികൃതമാക്കുകയും ചിലവസ്‌തുക്കൾ അഗ്‌നിക്ക് ഇരയാക്കുകയും ചെയ്‌തിട്ടുണ്ട്. തിങ്കളാഴ്‌ച രാവിലെ കടതുറക്കാൻ എത്തിയപ്പോഴാണ് അക്രമം നടന്ന കാര്യം ശ്രദ്ധയിൽ പെട്ടതെന്ന് പ്രിഗിലേഷ് മലബാർ ന്യൂസിനോട് പറഞ്ഞു.
പോലീസിൽ പരാതി നൽകിയ പ്രിഗിലേഷ് കുറ്റവാളികളെ പോലീസ് അറസ്‌റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മലബാർ ന്യൂസിനോട് പറഞ്ഞു. സാമൂഹിക മാദ്ധ്യമം വഴി ഉണ്ണിമുകന്ദൻ നായകനായ ‘മാളികപ്പുറം’ എന്ന സിനിമയെ അനുകൂലിച്ചതും യുക്‌തിവാദ സംബന്ധമായ വിഷയത്തിൽ പ്രതികരിച്ചതുമാണ് ആക്രമണത്തിന് കാരണമെന്ന് പ്രിഗിലേഷ് സംശയിക്കുന്നുണ്ട്.
പ്രിഗിലേഷ് ഫെയ്‌സ് ബുക്കിലിട്ട ചില പോസ്‌റ്ററുകളെ സംബന്ധിച്ച് സാമൂഹിക മാദ്ധ്യമത്തിലും പ്രദേശത്തും ചർച്ചകൾ നടന്നിരുന്നു. ഇതേ തുടർന്ന് പ്രദേശത്തെ ചില വ്യക്‌തികളിൽ നിന്ന് ഇദ്ദേഹത്തിന് സാമൂഹിക മാദ്ധ്യമങ്ങൾ വഴി പരസ്യമായ ഭീഷണി സന്ദേശങ്ങളും ലഭിച്ചിരുന്നു. ഈ ഭീഷണി സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ട് സഹിതം പ്രിഗിലേഷ് വീണ്ടും ഫേസ്ബുക് പോസ്‌റ്റ് ഇട്ടിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നതായി പ്രഗിലേഷ് പെരുമ്പടപ്പ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
സാമൂഹ മാദ്ധ്യമ ചർച്ചകൾ അക്രമത്തിലേക്ക് എത്തിയതായാലും സാഹചര്യം മുതലെടുത്ത് ക്രിമിനലുകൾ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയ ആക്രമമായാലും നടപടി വേഗത്തിൽ ഉണ്ടാകണമെന്ന് വന്നേരിനാട് പ്രസ്‌ഫോറം ആവശ്യപ്പെട്ടു. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളെ തുടക്കത്തിൽ തന്നെ നേരിട്ടില്ലങ്കിൽ അത് സമൂഹത്തിൽ കൂടുതൽ ക്രിമിനലുകളെ സൃഷ്‌ടിക്കുമെന്നും ആശയത്തെ ആശയംകൊണ്ടാണ് അക്രമംകൊണ്ടല്ല നേരിടേണ്ടതെന്നും പ്രസ്‌ഫോറം പറഞ്ഞു.
വ്യക്‌തികളുടെ അഭിപ്രായ സ്വാതന്ത്രത്തിന് മേലുളള ഇത്തരം കടന്നുകയറ്റങ്ങൾ മുളയിലേ നുള്ളേണ്ടതാണെന്നും മാദ്ധ്യമ പ്രവർത്തകന്റെ സ്‌ഥാപനത്തിന് നേരെ ഉണ്ടായ അക്രമത്തിൽ കൃത്യവും ശാസ്‌ത്രീയവുമായ അന്വേഷണം നടത്തി ഉടൻ പ്രതികളെ കണ്ടെത്താൻ പോലീസ് തയാറാകണമെന്നും വന്നേരിനാട് പ്രസ്‌ഫോറം പ്രവർത്തകർ പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.
Most Read: ബസ് സ്‌റ്റോപ്പിൽ ഒന്നിച്ചിരുന്ന വിദ്യാർഥികൾക്ക് നേരെ സദാചാരം; ഒരാൾ കസ്‌റ്റഡിയിൽ







































