റിയാദ്: കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായിരുന്ന സൗദി അറേബ്യയിലെ ടൂറിസം മേഖല സാധാരണ ഗതിയിലേക്ക് മടങ്ങാനുള്ള ശ്രമങ്ങൾ തുടരുന്നു. സൗദിയിലെ പല ടൂറിസം കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്കുകൾ ഘട്ടം ഘട്ടമായി നീക്കം ചെയ്യുകയാണ് അധികൃതർ. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള അൽ ഉലാ പുരാവസ്‌തു കേന്ദ്രങ്ങൾ ഒക്‌ടോബർ 31 ന് സന്ദർശകർക്കായി തുറക്കും. അൽ ഉലാ റോയൽ കമ്മീഷൻ പുരാവസ്‌തു കേന്ദ്രങ്ങളിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.
ഒക്‌ടോബർ 30, 31 തീയതികളിൽ അൽ ഉലയിലെ പ്രദേശവാസികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ അൽ ഉലാ പുരാവസ്‌തു കേന്ദ്രത്തിലെ പുരാതന ദാദാൻ സാമ്രാജ്യത്തിന്റെ അവശിഷ്‌ടങ്ങൾ ശേഷിക്കുന്ന ഹെഗ്ര, ജബൽ ഇക്‌മ മലയിടുക്കുകൾ നീണ്ട രണ്ട് വർഷ കാലയളവിന് ശേഷമാണ് വീണ്ടും തുറക്കുന്നത്.
Read Also: ബഹ്‌റൈനില്‍ എല്ലാവിധ സന്ദര്‍ശക വിസകളുടെയും കാലാവധി നീട്ടി
അൽ ഉലയിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ സന്ദർശകർ മുൻകൂട്ടി ബുക്ക് ചെയ്യണം. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.experiencealula.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അൽ ഉലാ വിമാനത്താവളവും സന്ദർശകർക്കായി സജ്ജമാക്കിയിട്ടുണ്ട്. നഗരത്തിൽ നിന്ന് ഇവിടേക്കെത്താൻ മറ്റ് ഗതാഗത സൗകര്യങ്ങളും ലഭ്യമാണ്.