പാലക്കാട്: മീനാക്ഷിപുരത്ത് ബസ് തടഞ്ഞുവെച്ചു സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. സിപിഎം അത്തിമണി ബ്രാഞ്ച് കമ്മിറ്റി അംഗം ശ്രീജിത്ത്(28), ഡിവൈഎഫ്ഐ പ്രവർത്തകനും നൂറണി സ്വദേശിയുമായ ബവീർ(31) എന്നിവരെയാണ് മീനാക്ഷിപുരം പോലീസ് പിടികൂടിയത്. 26ന് പുലർച്ചെ അഞ്ചരയോടെ മീനാക്ഷിപുരം സൂര്യപാറയിലാണ് സംഭവം നടന്നത്.
തൃശൂർ പുതുക്കാട് സ്വദേശിയായ വ്യാപാരി, മധുരയിൽ നിന്ന് സ്വർണവുമായി സ്വകാര്യ ബസിൽ നാട്ടിലേക്ക് വരുന്നതിനിടെയാണ് കവർച്ച നടന്നത്. ബസിന് മുന്നിൽ കാർ നിർത്തി തടസം സൃഷ്‌ടിക്കുകയും ബസിൽ കയറി വ്യാപാരിയെ തട്ടിക്കൊണ്ടു പോവുകയുമായിരുന്നു. ശേഷം 75 പവൻ സ്വർണാഭരണങ്ങളും 23,000 രൂപയും തട്ടിയെടുത്ത ശേഷം വ്യാപാരിയെ ആളൊഴിഞ്ഞ പ്രദേശത്ത് റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.
പ്രതികൾ തമിഴ്‌നാട് ഭാഗത്തേക്കാണ് രക്ഷപ്പെട്ടിരുന്നത്. പരാതി നൽകിയതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി വിശ്വനാഥ്, ചിറ്റൂർ ഡിവൈഎസ്‌പി സുന്ദരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പാലക്കാട് നഗരത്തിൽ വെച്ച് പിടികൂടിയത്. പ്രതികൾക്കൊപ്പം കാറിൽ ഉണ്ടായിരുന്ന നാലുപേരെക്കൂടി പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം.
Most Read: ഓപ്പറേഷൻ അരിക്കൊമ്പൻ; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും






































