കൊച്ചി: ഇടുക്കിയിലെ അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചക്ക് 1.45ന് ആണ് ഹരജി പരിഗണിക്കുക. അരിക്കൊമ്പനെ പിടികൂടുന്നതിന് ശരിയായ രീതിയിലുള്ള നടപടികൾ പാലിച്ചില്ല എന്നാരോപിച്ച് പീപ്പിൾ ഫോർ ആനിമൽ എന്ന സംഘടനയാണ് ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്‌തത്. ഹരജി പരിഗണിച്ച ഹൈക്കോടതി അരിക്കൊമ്പനെ മയക്കുവെടി വെക്കുന്നത് താൽക്കാലികമായി സ്‌റ്റേ ചെയ്‌തിരുന്നു.
പ്രത്യേക സിറ്റിംഗ് നടത്തി മാർച്ച് 29 വരെ ദൗത്യം നിർത്തിവെക്കാനാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. കേസ്, ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നതോടെ അനുകൂലമായ വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. ആനയെ പിടികൂടാൻ എല്ലാവിധ സന്നാഹങ്ങളുമായി വനംവകുപ്പ് ദൗത്യമേഖലയിൽ തുടരുകയാണ്.
കോടതി വിധി അനുകൂലമായാൽ നാളെ പുലർച്ചെ തന്നെ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിക്കും. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ പെരിയകനാൽ മേഖലയിൽ ആയിരുന്ന അരിക്കൊമ്പൻ ദൗത്യം നടത്താൻ ഉദ്ദേശിക്കുന്ന സിമന്റ് പാലത്തേക്ക് എത്തി. ഇതോടെ ദൗത്യം ആരംഭിക്കാൻ എല്ലാവിധ അനുകൂല സാഹചര്യങ്ങളും ഒത്തുവന്നിരിക്കുകയാണ്.
മേഖലയിലെ സംഘർഷ സാഹചര്യവും അരിക്കൊമ്പൻ നടത്തിയിട്ടുള്ള ആക്രമണങ്ങളെ സംബന്ധിച്ചും കോടതിയെ ഇന്ന് ബോധ്യപ്പെടുത്താൻ സാധിക്കുമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. അനുകൂല വിധി ഉണ്ടായാൽ നാളെ തന്നെ അരിക്കൊമ്പൻ ദൗത്യം ആരംഭിക്കും. സിഎഫ്‌സിമാരായ നരേന്ദ്ര ബാബു, ആർഎസ് അരുൺ എന്നിവരുടെ നേതൃത്വത്തിൽ ആയിരിക്കും അരിക്കൊമ്പനെ മയക്കുവെടി വെക്കുന്ന ദൗത്യം നടപ്പിലാക്കുക. കഴിഞ്ഞ ദിവസമാണ് ദൗത്യത്തിനായി വനംവകുപ്പ് 71 പേരടങ്ങുന്ന എട്ട് സംഘത്തെ രൂപീകരിച്ചത്.
Most Read: രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം; ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കം